ബിജെപി ഇനി വിയര്‍ക്കും; ഒപിഎസ് കളംവിട്ടു, പ്രഭാത സവാരിക്കിടെ സ്റ്റാലിന്‍ മന്ത്രിച്ചത് എന്ത്?
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം (ഒപിഎസ്) നയിക്കുന്ന എഐഎഡിഎംകെ വിഭാഗം എന്‍ഡിഎയില്‍ നിന്ന് രാജിവച്ചു. ബിജെപി നയിക്കുന്ന സഖ്യവുമായി ഇനി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചു. ജയലളിതയുടെ വിയോഗ ശേഷം ഭിന്നത രൂക്ഷമായ വേളയില്‍ എഐഎഡിഎംകെ രണ്ടായി തിരിഞ്ഞിരുന്നു. ഒപിഎസ് വിഭാഗവും എടപ്പാടി പളനിസ്വാമി നയിക്കുന്ന ഇപിഎസ് വിഭാഗവും.
രണ്ട് മുഖ്യമന്ത്രിമാര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിന് വേണ്ടി അടികൂടിയതോടെ നിയമ പ്രശ്‌നങ്ങളിലേക്ക് എത്തി. ഒടുവില്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക വിഭാഗമായി എടപ്പാടി പളനിസ്വാമി നയിക്കുന്ന വിഭാഗത്തെ തീരുമാനിച്ചു. ഒറ്റപ്പെട്ടുപോയ ഒപിഎസ് അഭയം തേടിയത് എന്‍ഡിഎയിലാണ്. ബിജെപി നയിക്കുന്ന സഖ്യത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് ഒരുക്കം നടത്തവെയാണ് അപ്രതീക്ഷിത രാജി.

രാവിലെ നടക്കാനിറങ്ങിയ വേളയില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടിരുന്നു ഒപിഎസ്. ഇരുവരും സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ഡിഎ വിടുകയാണെന്ന് ഒപിഎസ് വിഭാഗം പ്രഖ്യാപിച്ചത്. സ്റ്റാലിന്‍ എന്താണ് മന്ത്രിച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ഇനി അദ്ദേഹം ഡിഎംകെക്കൊപ്പം പോകുമോ എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞു.
നരേന്ദ്ര മോദി മുഖം തിരിച്ചു
ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ കാണുന്നതിന് ഒപിഎസ് അനുമതി ചോദിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇത് ഒപിഎസിനെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് മറ്റൊരു വിവരം. സഖ്യം വിടാന്‍ പ്രേരിപ്പിച്ചത് ഈ സംഭവമാണെന്നും പറയപ്പെടുന്നു. അതേസമയം, നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയില്‍ അദ്ദേഹം ചേരുമോ എന്ന ചോദ്യവും ബാക്കിയാണ്.
പ്രധാനമന്ത്രിയെ കാണുന്നതിന് അനുമതി ലഭിക്കാതിരുന്നതോടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഒപിഎസ് രംഗത്തുവന്നിരുന്നു. സര്‍വശിക്ഷാ അഭിയാന്‍ ഫണ്ട് വൈകിപ്പിക്കുന്നതിനെതിരെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഒപിഎസ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നു എന്ന് അപ്പോള്‍ തന്നെ പ്രചാരണമുണ്ടായിരുന്നു. ഇപ്പോള്‍ സഖ്യം വിടുകയും ചെയ്തു.
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് രാജിവയ്ക്കുകയാണ് എന്ന് ഒപിഎസിന്റെ അടുത്ത അനുയായി പന്‍രുതി എസ് രാമചന്ദ്രനാണ് പ്രഖ്യാപിച്ചത്. ഒപിഎസ് സംസ്ഥാന വ്യാപകമായ യാത്ര സംഘടിപ്പിക്കുമെന്നും മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അക്കാര്യം ആലോചിക്കുമെന്നും രാമചന്ദ്രന്‍ പറഞ്ഞു.
വിജയിക്കൊപ്പം ചേരുമോ എന്ന് ചോദിച്ചപ്പോള്‍
ടിവികെയില്‍ ചേരുമോ എന്ന് ഒപിഎസിനോട് മാധ്യമങ്ങള്‍ ചോദിച്ചു. അദ്ദേഹം ഇക്കാര്യം തള്ളിയില്ല. സമയമാകുമ്പോള്‍ പറയാം എന്നാണ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നും ഒപിഎസ് പറഞ്ഞു. ഒപിഎസ് വിഭാഗം എന്‍ഡിഎ വിട്ടതോടെ തമിഴ്‌നാട്ടില്‍ സഖ്യം ദുര്‍ബലമാകുകയാണ്. ബിജെപിയുമായി സഖ്യമുണ്ടെങ്കിലും അധികാരം പങ്കിടില്ല എന്ന് എടപ്പാടി പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെ ബിജെപിക്ക് തമിഴ്‌നാട്ടില്‍ എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന ചോദ്യമാണ് ബാക്കി. കഴിഞ്ഞ ദിവസം ബിജെപി നടി ഖുശ്ബുവിനെ സംസ്ഥാന ഉപാധ്യക്ഷയായി നിയമിച്ചിരുന്നു. വിജയ് ബിജെപിയുമായി സഖ്യം ചേരണം എന്നാണ് ഖുശ്ബു തൊട്ടുപിന്നാലെ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications