ദക്ഷിണ ഗുജറാത്തിൽ ബിജെപിക്ക് കാലിടറും? നിർണായകം ഈ 89 സീറ്റുകൾ..വെല്ലുവിളികൾ ഇങ്ങനെ
അഹമ്മദാബാദ്: ആം ആദ്മിക്ക് ലഭിക്കുന്ന സ്വീകാര്യതയും വിവിധ വിഷയങ്ങൾ ഉയർത്തി ആദിവാസി വിഭാഗം നടത്തുന്ന പ്രതിഷേധങ്ങളും ദക്ഷിണ ഗുജറാത്തിൽ ബി ജെ പിക്ക് തീർക്കുന്നത് കടുത്ത വെല്ലുവിളി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ 35 മണ്ഡലങ്ങളാണ് ദക്ഷിണ ഗുജറാത്തില്ഡ വപന്നത്. പ്രത്യേകിച്ച് , ബറൂച്ച് നർമദ, ദാംഗ്, സൂറത്ത്, വൽസാദ്, നവ്സാരി തുടങ്ങിയ ജില്ലകൾ. 2017 ൽ ഇവിടെ 25 സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. കോൺഗ്രസ് 8 ഉം ഭാരതീയ ട്രൈബൽ പാർട്ടി നേടിയത് 2 സീറ്റുകളുമായിരുന്നു. എന്നാൽ മേഖലയിൽ പട്ടികവർഗക്കാർക്കായി സംവരണം ചെയ്ത 14 സീറ്റുകളിൽ അഞ്ചെണ്ണം മാത്രമാണ് ബി ജെ പിക്ക് നേടാനായത്. അതേസമയം തുടർന്നുള്ള ഉപതിരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിൽ നിന്നും ഡാങ്, കപ്രദ തുടങ്ങിയ സീറ്റുകൾ നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

ആദിവാസി വിഭാഗത്തിന് ആധിപത്യമുള്ള പ്രദേശങ്ങൾ ഇപ്പോഴും ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ദക്ഷിണ ഗുജറാത്തിലെ നഗര വോട്ടർമാരുടെ പിന്തുണ കഴിഞ്ഞ തവണ ബി ജെ പിക്കായിരുന്നു. പട്ടേൽ സംവരണ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിട്ട് കൂടി സൂറത്ത് ഉൾപ്പെടെയുള്ള നഗര മേഖലകളിലെ 15 ൽ 14 സീറ്റും നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. എന്നാൽ ഇക്കുറി ആം ആദ്മിയുടെ കടന്ന് വരെ ഇവിടെ മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ വിറപ്പിച്ച് കൊണ്ടായിരുന്നു സൂറത്ത് മുനിസിപ്പൽ കോർപറേഷനിൽ 27 സീറ്റുകൾ നേടാൻ ആം ആദ്മിക്ക് സാധിച്ചത്.

പട്ടേൽ നേതാക്കളെ തിരഞ്ഞെടുപ്പിൽ ഇറക്കിയാണ് ഇവിടെ ആം ആദ്മി ബി ജെ പിക്ക് വെല്ലുവിളി തീർക്കുന്നത്. ഒരുകാലത്ത് ഹാർദിക് പട്ടേലിന്റെ അടുത്ത അനുയായിയായിരുന്ന പാട്ടിദാർ നേതാവ് അൽപേഷ് കത്തിരിയ,മുൻ പാട്ടിദാർ അനാമത് ആന്ദോളൻ സമിതി (പിഎഎഎസ്) നേതാവ് ധാർമിക് മാളവ്യ എന്നിവർക്ക് ആം ആദ്മി സീറ്റ് നൽകിയിട്ടുണ്ട്. മാത്രമല്ല ആം ആദ്മിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷനായ ഗോപാൽ ഇറ്റാലിയ പട്ടേൽ വിഭാഗം നേതാവാണ്. ഹർദിക് പട്ടേലിന്റെ സാന്നിധ്യം ബി ജെ പിക്ക് ഗുണകരമാകുമെന്ന് അവർ വിശ്വസിക്കുമ്പോൾ ഇക്കുറി പട്ടേലുകാർ തങ്ങൾക്ക് കീഴിൽ അണിനിരക്കുമെന്നാണ് ആം ആദ്മി അവകാശപ്പെടുന്നത്.

'ആം ആദ്മിയാണ് വിജയിക്കാൻ പോകുന്നതെന്ന് പട്ടേൽ വിഭാഗത്തിന് അറിയാം. അതിനാൽ അവരുടെ വോട്ട് തീർച്ചയായും ഇത്തവണ ഞങ്ങൾക്ക് ലഭിക്കും, അവർ ബുദ്ധിപരമായ തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ തവണ, എഎപി അത്ര സജീവമായിരുന്നില്ല, കേജ്‌രിവാളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാര്യമായി ഇടപെട്ടിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സാഹചര്യം. ഞങ്ങളുടെ ഉന്നത നേതാക്കൾ എല്ലാം തന്നെ ഗുജറാത്തിൽ സജീവമായി തന്നെ രംഗത്തുണ്ട്. ഡൽഹിയിലും പഞ്ചാബിലും
ഞങ്ങളുടെ സർക്കാരുകളുടെ പ്രകടനങ്ങൾ ജനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്, ആം ആദ്മി നേതാവ് പറഞ്ഞു.

അതിനിടെ ആദിവാസികളുടെ പിന്തുണ തങ്ങൾക്കായിരിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. അടുത്തിടെ ഹൈവേ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദിവാസി മേഖലയിൽ വലിയ പ്രക്ഷോഭം നടന്നിരുന്നു. പാർ-താപി-നർമദ നദീജല പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിലും കോൺഗ്രസ് ആയിരുന്നു മുൻ നിരയിൽ കടുത്ത പ്രതിഷേധത്തെ തുടർന്ന് സർക്കാർ പദ്ധി ഉപേക്ഷിച്ചിരുന്നു. ആദിവാസി വിഭാഗങ്ങൾ ബി ജെ പിയെ ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് കോൺഗ്രസ് പറയുന്നു.
14 ഗോത്ര സംവരണ സീറ്റുകളിൽ, നിലവിൽ ബിജെപി അധികാരത്തിലുള്ളത് ഏഴ് മണ്ഡലങ്ങളിലാണ്. ഡാങ്, കപ്രദ, ഉമർഗം, ധരംപൂർ, ഗാന്ദേവി, മഹുവ, മംഗ്രോൾ എന്നിവിടങ്ങളാണത്.












Click it and Unblock the Notifications