'ബിജെപി നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നു, ആരാണ് നഷ്ടം വരുത്തുന്നതെന്ന് മനസിലാക്കൂ'; രാഹുൽ ഗാന്ധി
ഇന്ത്യ സഖ്യത്തിൻ്റെ മഹാറാലിയുടെ പശ്ചാത്തലത്തിൽ വ്യാപാരികൾക്കുണ്ടാകുന്ന നഷ്ടം സംബന്ധിച്ച് വാക്ക്പോരുമായി കോണ്‍ഗ്രസും ബിജെപിയും. ബിജെപി നിർബന്ധപൂർവ്വം കടകളെല്ലാം അടപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. റാലിയ്ക്ക് എത്തുന്നവർ സാധനങ്ങൾ വാങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. വീഡിയോയിലൂടെയാണ് പ്രതികരണം.
'മാർച്ചിനും മെഗാ റാലിക്കും പങ്കെടുക്കാൻ എത്തുന്നവർ അൽപം ഷോപ്പിംഗ് നടത്തി മടങ്ങൂവെന്ന് ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കൊണാട്ട് പ്ലേസിലേക്ക് വരുമ്പോൾ കാണുന്നത് ഓരോ കടകളും ബിജെപിക്കാർ നിർബന്ധപൂർവ്വം അടപ്പിക്കുന്നതാണ്. വ്യാപാരികൾക്ക് നഷ്ടം വരുത്തുന്നത് ആരാണെന്ന് നിങ്ങൾ മനസിലാക്കണം, എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയണം', രാഹുൽ വീഡിയോയിൽ പറഞ്ഞു.

ദീപാവലി സീസണിലെ പ്രതിപക്ഷത്തിൻ്റെ റാലി വ്യാപാരികൾക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്ന് ബിജെപി ആരോപിച്ചിരുന്നു. ദീപാവലിയും ദൻതേരാസും ഛത്ത് പൂജയുമൊക്കെ നടക്കുകയാണ്. വഴിയോര കച്ചവടക്കാർക്കും ചെറിയ വ്യാപാരികൾക്കുമെല്ലാം വർഷത്തിൽ അൽപം സമ്പാദിക്കാൻ ലഭിക്കുന്ന മികച്ച അവസരമാണിത്. എന്നാൽ അതാണ് ഇന്ത്യ സഖ്യം തകർക്കുന്നത് എന്നായിരുന്നു ബിജെപി നേതാവ് ജെപി നദ്ദ ആരോപിച്ചത്.
'പ്രതിസന്ധി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി എന്നിവർക്ക് ഡൽഹിയിലെ വ്യാപാരികളുടെ സംഘടന കത്തയച്ചിരുന്നു. മുൻ പ്രതിഷേധ റാലികൾ തന്നെ 3000 കോടിയുടെ നഷ്ടമാണ് വ്യാപാരികൾക്ക് വരുത്തിവെച്ചത്. ഇന്ന് നടത്തുന്ന റാലി കുറഞ്ഞത് 10,000 കോടിയുടെ നഷ്ടം വരുത്തിവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്', എന്നായിരുന്നു നദ്ദ ആരോപിച്ചത്.
അതേസമയം ബിജെപിയുടെ ആരോപണത്തിന് പിന്നാലെ വ്യാപാരികൾക്ക് സഹായം ഉറപ്പാക്കാൻ റാലിക്ക് എത്തുന്നവർ ഷോപ്പിംഗ് നടത്തണമെന്ന് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. 'പ്രതിഷേധിക്കൂ, മാർച്ച് ചെയ്യൂ, റാലികൾ സംഘടിപ്പിക്കൂ, അതിന്റെ കൂടെ കുറച്ച് ഷോപ്പിങ് കൂടി ചെയ്യൂ... അത് വ്യാപാരികൾക്ക് സഹായകമാകും എന്നായിരുന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
റാലി നടക്കുന്നതിനാൽ രാംലീല മൈതാനത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം 2.5 ലക്ഷം കടകൾ അടച്ചിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വ്യാപാര സംഘടന പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചത്. ഡൽഹിയിലെ 20 ഓളം മാർക്കറ്റുകളിലായി 80 ശതമാനം കച്ചവടത്തേയും ബാധിക്കുമെന്നും 10,000-12,000 കോടിയുടെ നഷ്ടത്തിന് ഇത് കാരണമാകുമെന്നുമാണ് സംഘടന ചൂണ്ടിക്കാട്ടിയത്.


Click it and Unblock the Notifications
