ഛദ്ദയും കൂട്ടരും വന്നത് ബിജെപിക്ക് ലോട്ടറി; രാജ്യസഭയില്‍ അംഗബലം കൂടും, എഎപി പിളര്‍പ്പിലേക്ക്
ആം ആദ്മി പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ രാജ്യസഭയില്‍ എന്‍ഡിഎയുടെ അംഗബലം കൂടി. എംപിമാര്‍ ബിജെപിയില്‍ ചേരുന്നു എന്ന കാര്യം രാജ്യസഭാ ചെയര്‍മാന്‍ സിപി രാധാകൃഷ്ണനെ അറിയിച്ചിട്ടുണ്ട്. എഎപിയുടെ രാജ്യസഭ ഉപനേതാവ് അശോക് മിത്തല്‍ ഉള്‍പ്പെടെ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും രാജിവയ്ക്കുന്നതിനാല്‍ ലയനത്തിന് സമ്മതിക്കണം എന്നാണ് കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള വ്യവസ്ഥ.
അതിനാല്‍ എഎപി വിട്ട അംഗങ്ങളെ അയോഗ്യരാക്കില്ലെന്ന് പാര്‍ലമെന്റ് വൃത്തങ്ങള്‍ പറഞ്ഞു. നിയമപ്രകാരം, ലയനം കൂറുമാറ്റ നിരോധന നിയമത്തിന് അനുസൃതമാണോ എന്ന് സഭാ അധ്യക്ഷന്‍ തീരുമാനിക്കേണ്ടതുണ്ട്. രാജ്യസഭയിലെ എഎപിയില്‍ നിന്നുള്ള അംഗങ്ങളില്‍ മൂന്നില്‍ രണ്ട് പേര്‍ ഇന്ത്യന്‍ ഭരണഘടനയുടെ വ്യവസ്ഥകള്‍ വിനിയോഗിക്കാനും ബിജെപിയില്‍ ലയിക്കാനും തീരുമാനിച്ചു എന്നാണ് രാഘവ് ഛദ്ദ പറഞ്ഞത്.

ഏഴ് എംപിമാര്‍ ഇതുസംബന്ധിച്ച കത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നും അത് രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നിലവില്‍ 106 അംഗങ്ങളുണ്ടെങ്കിലും എന്‍ഡിഎയുടെ അംഗസംഖ്യ 141 ആണ് (നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെ). ഈ കണക്കുകള്‍ ഇപ്പോള്‍ യഥാക്രമം 113 ഉം 148 ഉം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 30-ലധികം സീറ്റുകള്‍ ഒഴിവുവരുമ്പോള്‍ വര്‍ഷാവസാനത്തോടെ കുറഞ്ഞത് അഞ്ച് സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും ഇത് 163 എന്ന മൂന്നില്‍ രണ്ട് സീറ്റിലേക്ക് എത്തിക്കാം എന്നും ബിജെപി പ്രതീക്ഷിക്കുന്നു.
അതേസമയം പാര്‍ട്ടി വിട്ട എംപിമാരെ അയോഗ്യരാക്കണം എന്ന് എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. രാഘവ് ഛദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരെ രാജ്യസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യരാക്കി പ്രഖ്യാപിക്കണമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെടുന്ന ഒരു കത്ത് താന്‍ രാജ്യസഭാ ചെയര്‍മാന് സമര്‍പ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപ്രകാരം, ലയനം കൂറുമാറ്റ നിരോധന നിയമത്തിന് അനുസൃതമാണോ എന്ന് സഭാ അധ്യക്ഷന്‍ തീരുമാനിക്കേണ്ടതുണ്ട്. ''ആദ്യ പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം തങ്ങള്‍ക്കൊപ്പമില്ലെന്ന് കാണിച്ച് അയോഗ്യത ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗം എഎപിയില്‍ ഉണ്ടെങ്കില്‍, അവരെ അയോഗ്യരാക്കാന്‍ ചെയര്‍ തീരുമാനമെടുക്കണം,'' ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി പറഞ്ഞു.
ഈ സാഹചര്യത്തില്‍ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം ലയിച്ചു, ഇത് അവരെ അയോഗ്യതയില്‍ നിന്ന് സംരക്ഷിക്കുന്നു. അവരുടെ യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി ലയിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ നിയമപ്രകാരം, അംഗങ്ങള്‍ക്ക് അയോഗ്യതയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതായത് രാജിവെച്ച എംപിമാര്‍ തങ്ങളുടേത് യഥാര്‍ത്ഥ പാര്‍ട്ടിയാണെന്ന് അവകാശപ്പെടുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും വേണം.
'ആദ്യ ആം ആദ്മി പാര്‍ട്ടിയുടെ ലയനം നടന്നിട്ടില്ലെങ്കില്‍, മൂന്നില്‍ രണ്ട് അംഗങ്ങള്‍ പോയാലും അവര്‍ അയോഗ്യരാക്കപ്പെടും,' അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായാല്‍, സ്ഥാപകനും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് പാര്‍ട്ടിയുടെ ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കേണ്ടി വരും. ഏത് വിഭാഗത്തിന് ചിഹ്നം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കണം.
ഡല്‍ഹിയില്‍ 22 എംഎല്‍എമാരും ഭരണകക്ഷിയായ പഞ്ചാബില്‍ 92 എംഎല്‍എമാരുമാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ഗുജറാത്തില്‍ നാലും ജമ്മു കശ്മീരില്‍ ഒരാളും ഗോവയില്‍ രണ്ടും എംഎല്‍എമാരുണ്ട്. രാജ്യസഭയില്‍ എഎപിക്ക് 10 അംഗങ്ങളുണ്ടായിരുന്നു.. സഞ്ജയ് സിംഗ്, നരേന്‍ ദാസ് ഗുപ്ത എന്നിവര്‍ രണ്ടാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ചദ്ദ, രജീന്ദര്‍ ഗുപ്ത, അശോക് മിത്തല്‍, സന്ദീപ് പഥക്, വിക്രംജിത് സിംഗ് സാഹ്നി, ഹര്‍ഭജന്‍ സിംഗ്, സന്ത് ബല്‍ബീര്‍ സിംഗ് എന്നിവരുടെ കാലാവധി 2028 വരെയും സ്വാതി മാലിവാള്‍, നരേന്‍ ദാസ്, സഞ്ജയ് സിംഗ് എന്നിവരുടെ കാലാവധി 2030 വരെയും ആണ്.












Click it and Unblock the Notifications