'തെറ്റ് ചെയ്തിട്ടില്ല എന്നല്ല സ്റ്റേയുടെ അര്‍ത്ഥം, രാഹുല്‍ കുറ്റക്കാരനല്ലാതാകുന്നില്ല'; അനില്‍ ആന്റണി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ വിധിയില്‍ പ്രതികരണവുമായി ബി ജെ പി നേതാവ് അനില്‍ ആന്റണി രംഗത്ത്. ഒരു സ്റ്റേ ലഭിച്ചത് കൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ലെന്നും അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്നല്ല അതിനര്‍ത്ഥമെന്നും അനില്‍ ആന്റണി പറഞ്ഞു. ഇന്ന് പ്രതിപക്ഷത്തുള്ളവര്‍ അവര്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ കോടതികളെ പുകഴ്ത്തുകയാണെന്നും അനില്‍ ആന്റണി പ്രതികരിച്ചു.
'സ്റ്റേയുടെ അര്‍ത്ഥം രാഹുല്‍ ഗാന്ധി തെറ്റ് ചെയ്തിട്ടില്ല എന്നല്ല, അവര്‍ക്ക് അനുകൂലമായ വിധി വരുമ്പോള്‍ പ്രതിപക്ഷം കോടതികളെ പുകഴ്ത്തുകയാണ്. അല്ലാത്ത സമയത്ത് കോടതികളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. ബി ജെ പി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാ നീതിന്യായ വ്യവസ്ഥകളെയും നമ്മള്‍ ബഹുമാനിക്കുന്നു. ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നു. അതില്‍ പ്രതികൂലമോ അനുകൂലമോ ആയ സാഹചര്യങ്ങള്‍ക്ക് പ്രസ്‌ക്തിയില്ല'- അനില്‍ ആന്റണി പറഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അനില്‍ ആന്റണി പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങളില്‍ യാതൊരു വാസ്തുവമില്ല. പാര്‍ട്ടിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ വ്യക്തമായി പറഞ്ഞ കാര്യങ്ങളാണ്. ബി ജെ പി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടിയില്‍ പ്രവേശിച്ചതെന്ന് അനില്‍ ആന്റണി പറഞ്ഞു.
അതേസമയം, രാഹുലിന്റേയോ കോണ്‍ഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതല്‍ ഞങ്ങള്‍ പറഞ്ഞതാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്കെന്നും വിശ്വാസമുണ്ട്. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
'രാഹുല്‍ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോണ്‍ഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി - അമിത് ഷാ- കോര്‍പറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലില്‍ കാണുന്ന യോഗ്യതയുംഅതു തന്നെ'- വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications