'ഈ പപ്പുവിനൊപ്പമുള്ള യാത്ര!';പ്രിയങ്കയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രത്തെ അധിക്ഷേപിച്ച് ബിജെപി നേതാവ്
ചെന്നൈ: എ ഐ സി സി ജനറല്‍ സെക്രട്ടറി തന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രവുമായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി ബി ജെ പി നേതാവ്. ബി ജെ പി തമിഴ്‌നാട് ഐ ടി സെല്‍ തലവന്‍ നിര്‍മല്‍ കുമാര്‍ ആണ് പ്രിയങ്കാ ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്റെ ചിത്രം പങ്കിട്ട് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
രാഹുല്‍ ഗാന്ധി അനന്തരവള്‍ മിരായ വാദ്രയ്‌ക്കൊപ്പം ഇരിക്കുന്ന പഴയ ഒരു ചിത്രം പങ്കിട്ടായിരുന്നു നിര്‍മല്‍ കുമാറിന്റെ അപകീര്‍ത്തികരമായ ട്വീറ്റ്. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ തമിഴിലുള്ള തന്റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് പറഞ്ഞ് നിര്‍മല്‍ കുമാര്‍ രംഗത്തെത്തി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിര്‍മല്‍ കുമാറിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. നിര്‍മല്‍ കുമാറിന്റെ ട്വീറ്റും തുടര്‍ന്നുള്ള സംഭവങ്ങളും ഇങ്ങനെയാണ്...

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടായിരുന്നു നിര്‍മല്‍ കുമാറിന്റെ ട്വീറ്റ്. ഇതിനൊപ്പം പങ്കുവച്ച ചിത്രത്തില്‍ രാഹുല്‍ ഗാന്ധി മിരായ വാദ്രയുടെ കൈയില്‍ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു നിര്‍മല്‍ കുമാര്‍ പങ്കു വെച്ചത്. കുട്ടികളുടെ കൈയിലെ മൈലാഞ്ചിയില്‍ തൊട്ട് കളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത് തന്നെ പാപമാണ് എന്നായിരുന്നു തമിഴില്‍ പങ്കുവെച്ച ട്വീറ്റ്.

ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. ഫാക്ട് ചെക്കറും പത്രപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍ ഇക്കാര്യം ട്വീറ്റ് ചെയ്ത് രംഗത്തെത്തി. ബി ജെ പി നേതാവ് രാഹുല്‍ ഗാന്ധിയുടെ അനന്തരവള്‍ മിരായ വദ്രയ്ക്കൊപ്പം വാത്സല്യപൂര്‍വം പങ്കിടുന്ന നിമിഷങ്ങളെ സംബന്ധിച്ച ചിത്രം പങ്കിട്ടു് കൊണ്ട് അദ്ദേഹം കൊച്ചുകുട്ടികളുമായി ശൃംഗരിക്കുന്നുവെന്ന് അവകാശപ്പെടുകയാണെന്ന് സുബൈര്‍ ചൂണ്ടിക്കാട്ടി.

രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി വദ്രയുടെ മകളായ മിരായ വാദ്രയാണ് അത് എന്ന് സുബൈര്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് രണ്ട് കുട്ടികളുണ്ട്, ഒരു മകളും ഒരു മകനും (റൈഹാന്‍ വദ്ര). ഇതോടെ ബി ജെ പി നേതാവ് പ്രതിരോധത്തിലായി. പിന്നാലെ തന്റെ ട്വീറ്റ് വിശദീകരിക്കാനും വിവര്‍ത്തനം ചെയ്യാനുമായി അദ്ദേഹത്തിന്റെ ശ്രമം.

കൂടാതെ സുബൈറിനെ ടാഗ് ചെയ്തുകൊണ്ട്, 'വ്യാജ വാര്‍ത്തകള്‍' പ്രചരിപ്പിച്ച കേസ് ചൂണ്ടിക്കാട്ടുകയും ചെയ്തു. 'പപ്പുവിന് മൈലാഞ്ചി പുരട്ടുകയും കുട്ടികളുമായി കളിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് തോന്നുന്നു, പപ്പുവിനെ ഗൗരവമായി കരുതി യാത്ര ചെയ്യുന്ന 10 പേര്‍ ആശങ്കാകുലരാണ്' എന്നാണ് താന്‍ ട്വീറ്റ് ചെയ്ചതത് എന്നും നിര്‍മല്‍ കുമാര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഇത് കൊണ്ടൊന്നും സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം തണുത്തില്ല. തിരിച്ചടി നേരിട്ടതോടെ നിര്‍മല്‍ കുമാര്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പിന്നീട് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കാണിച്ച് അദ്ദേഹം മറ്റൊരു ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.

ആരുടെയും വ്യക്തിജീവിതം പരസ്യമാക്കുക എന്നതല്ല എന്റെ ഉദ്ദേശം. രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള എന്റെ തമിഴ് ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ട്വീറ്റിന്റെ ഉള്ളടക്കത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും അത് തികച്ചും രാഷ്ട്രീയമായ ഒരു അഭിപ്രായം മാത്രമായിരുന്നു, അതില്‍ തെറ്റൊന്നുമില്ല. ഞാന്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുന്നു, എന്നും അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications