'കോൺഗ്രസ് പിരിച്ച് വിട്ട് ഇറ്റലിക്ക് മടങ്ങുന്നതാണ് സോണിയയ്ക്ക് നല്ലത്', പരിഹസിച്ച് അബ്ദുളളക്കുട്ടി
ദില്ലി: ഉത്തർപ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസിനെ പരിഹസിച്ച്
മുൻ കോൺഗ്രസ് നേതാവ് കൂടിയായ ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കാലം അവസാനിച്ചിരിക്കുന്നു എന്നാണെന്ന് അബ്ദുളളക്കുട്ടി പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നല്ലത് പാർട്ടി പിരിച്ച് വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് എന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.
എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം : ''അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം സുവ്യക്തം. ഇത് മോദിജിയുടെ വികസന രാഷ്ട്രീ യത്തിനുള്ള അംഗീകാരമാണ്. പരിവാർ രാജ്, മാഫിയാ രാജ് ജനങ്ങൾ വെറുക്കുന്നു എന്ന പ്രഖ്യാപനമാണ് ഈ റിസൾട്ട്... കാർഷിക സമരത്തിന്റെ പേരിൽ പഞ്ചാബിലെ ജനങ്ങളെ മാത്രമേ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാൻ എതിരാളികൾക്ക് കഴിഞ്ഞുള്ളൂ എന്നതും സത്യം.
ഈ ഫലം ഒരു കാര്യം ഉച്ചത്തിൽ വിളിച്ചു പറയുന്നു കോൺഗ്രസ്സിന്റെ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ അവസാനിച്ചിരിക്കുന്നു. സോണിയാജിയോട് ഒരു അപേക്ഷയുണ്ട്
കോൺഗ്രസ്സിനേ പിരിച്ചു വിട്ട് ഇറ്റലിയിലേക്ക് മടങ്ങുന്നതാണ് നിങ്ങൾക്കും
പ്രത്യേകിച്ച് മകൻ രാഹുൽ ഗാന്ധിക്കും കുടുംബത്തിനും നല്ലത്''

അബ്ദുളളക്കുട്ടിയുടെ പോസ്റ്റിന് സുധാ മേനോൻ മറുപടി നൽകിയിട്ടുണ്ട്. കമന്റ് ഇങ്ങനെ: ''ഇറ്റലിയിലേക്ക് മടങ്ങേണ്ട കാര്യമെന്ത്? ഇതാണ് അവരുടെ നാട്. അവരുടെ ഭർത്താവിനെ നഷ്ടപ്പെട്ടത് ഈ നാടിനു വേണ്ടിയാണ്. അവർ ഇവിടെ തന്നെ നിൽക്കും. നിങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ട് നാട് വിട്ടോ?ഇന്ത്യൻ പൗരന്മാർ ഇന്ത്യയിൽ തന്നെ നില്ക്കും. തോൽവി കൊണ്ട് അവരുടെ അവകാശങ്ങൾ ഇല്ലാതാവുന്നില്ല''
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ പ്രതികരണം: ''നമസ്കാരം സഹോദരങ്ങളേ.. പ്രതീക്ഷിച്ച പോലെ.. ജനങ്ങളുടെ ആഗ്രഹം പോലെ ഒരു തിരെഞ്ഞെടുപ്പ് ഫലം. പ്രധാനപെട്ട 4 സംസ്ഥാനങ്ങളിൽ ബിജെപിയുടെ തേരോട്ടവും 5 സംസ്ഥാനങ്ങളിൽ കുടുംബപാർട്ടിയുടെ അസ്തമനവും..
പതിവിന് വിപരീതമായി ഇ വി എമ്മിൽ കളി നടന്നു എന്നുള്ള കരച്ചിൽ കേട്ടില്ല. കോൺഗ്രസ്സുകാർ ഒന്ന് കരഞ്ഞു നോക്കി, പക്ഷെ പഞ്ചാബിൽ മൃഗീയ ഭൂരിപക്ഷം നേടിയ AAP സ്വയം പാര ആവാതിരിക്കാൻ കൂടെ കരയാൻ നിന്നില്ല.. കമ്മികൾക്ക് അഞ്ചിടത്തും സ്ഥാനർഥികൾ പോലും ഇല്ലാതിരുന്നതിനാൽ കാശു ലാഭം. മാനവും രക്ഷിച്ചു.. വേണമെങ്കിൽ കൂട്ടുകക്ഷിയായ കോൺഗ്രസിന്റെ ദുഃഖത്തിൽ പങ്കുചേരാം..
മലയാളത്തിലെ ചില വാർത്ത ചാനലുകൾ ഇപ്പോഴും ആഘോഷിക്കുന്നു... യൂ പിയിൽ സീറ്റ് കുറഞ്ഞേയ്... മാനസികമായി തകർന്നു നിൽക്കുന്ന ആ സഹോദരങ്ങളോട് ഷെമിക്കു... മോദിജിക്കും, യോഗിജിക്കും, സ്നേഹം നിറഞ്ഞ വോട്ടർമാർക്കും, എല്ലാ കാര്യകർത്താക്കൾക്കും,... ഈ സുന്ദര നിമിഷം സമ്മാനിച്ച ദൈവത്തിനും ഒരായിരം നന്ദി.. ജയ്‌ഹിന്ദ്''.












Click it and Unblock the Notifications