മധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടി, മുതിർന്ന നേതാക്കൾ പാർട്ടി വിടുന്നു, മുൻ മന്ത്രി കോൺഗ്രസിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിക്ക് വന്‍ തിരിച്ചടി. മുതിര്‍ന്ന ബിജെപി നേതാവും മധ്യപ്രദേശിലെ മുന്‍ ബിജെപി മന്ത്രിയുമായിരുന്ന രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഭര്‍ റാലിയില്‍ ആയിരുന്നു കുസമരിയ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസിലേക്കുളള കുസമരിയയുടെ വരവ്.
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയേയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനേയും പുകഴ്ത്താനും കുസുമരിയ മറന്നില്ല. രാഹുല്‍ ഗാന്ധിയുടേയും കമല്‍ നാഥിന്റെയും നേതൃത്വത്തിന് കീഴില്‍ നല്ല നാളുകള്‍ സംസ്ഥാനത്ത് തിരിച്ച് വരും എന്ന് കുസുമരിയ പറഞ്ഞു.

ബിജെപി വിടാനുളള കാരണവും കുസുമരിയ വെളിപ്പെടുത്തി. മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നില്ല എന്നാണ് കുസമരിയയുടെ ആരോപണം. നേരത്തെ ബിജെപി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു കുസമരിയ. 1991 മുതല്‍ 99 വരെ മധ്യപ്രദേശിലെ ദാമോ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കജുരാഹോയില്‍ നിന്ന് മത്സരിച്ച് ജയിച്ച് എംപിയായി.
വരുന്ന പൊതുതെരഞ്ഞെടുുപ്പില്‍ കുസമരിയയ്ക്ക് ബുണ്ടേല്‍ഖണ്ഡ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുളള ടിക്കറ്റ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതായി വാര്‍ത്തകളുണ്ടായിരുന്നു. കുസമരിയ അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്നത് മധ്യപ്രദേശില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. കുസമരിയ്ക്ക് ഒപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്ഡ സിംഗ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications