ബിജെപി നേതാവിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു
നൊയ്ഡ: ദാദ്രി സ്വദേശിയായ ബിജെപി പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ബിജെപി മുന്‍ ജില്ലാ വൈസ് പ്രഡിഡന്റിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. വിജയ് പണ്ഡിറ്റ് (35) എന്ന ബിജെപി പ്രവര്‍ത്തകനാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനങ്ങള്‍ കത്തിച്ചു. 16 ല്‍ അധികം വാഹനങ്ങളാണ് കത്തിച്ചത്.
സഹോദരന്റെ കടയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് അക്രമികള്‍ വിജയ് പണ്ഡിറ്റിനെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം വിജയുടെ വായില്‍ തോക്ക് തിരുകി നിറയൊഴിയ്ക്കുകയായിരുന്നു. പിടഞ്ഞു വീണ ഇദ്ദേഹത്തിന്റെ നെഞ്ചിലും വയറിലും വീണ്ടും അക്രമികള്‍ നിറയൊഴിച്ചു.

ഓടിക്കൂടിയ നാട്ടുകാരെ അകറ്റുന്നതിനായി ആകാശത്തേയ്ക്കും സംഘം നിറയൊഴിച്ചു. നിമിഷങ്ങള്‍ക്കകം തന്നെ അക്രമികള്‍ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും വിജയ് പണ്ഡിറ്റ് മരിച്ചു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ദേശീയ പാത ഉപരോധിയ്ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയുമായിരുന്നു.
സ്ഥലത്തെത്തിയ പൊലീസുമായി നാട്ടുകാര്‍ ഏറ്റമുട്ടി. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ബിജെപി സജീവ പ്രവര്‍ത്തകനായ വിജയ് പണ്ഡിറ്റിന്റെ ഭാര്യ ഗീത പണ്ഡിറ്റ് ദാദ്രിനഗര്‍ പഞ്ചായത്ത് അധ്യക്ഷയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications