അടുത്തത് നിങ്ങളുടെ ഊഴം; മമത ബാനര്‍ജിക്ക് മുന്നറിയിപ്പുമായി ബംഗാളിലെ ബിജെപി നേതാവ്
ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഇന്ത്യയൊട്ടാകെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നിരിക്കുകയാണ്. 27 വര്‍ഷത്തിനു ശേഷമുള്ള ഡല്‍ഹിയിലെ തിരിച്ചുവരവ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ മേല്‍ക്കൈ നേടാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ്.
ഒരിക്കല്‍ ഡല്‍ഹിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കപ്പെട്ടതോടെ ബിജെപിയുടെ വിജയം അനായാസമായി. ഇതോടെ ബിജെപി ഭരണം കൈയാളാത്ത സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കു പോലും ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ ഡല്‍ഹിയുടെ വിജയത്തിനു പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് ബംഗാളിലെ ബിജെപി നേതാവായ സുവേന്ദു അധികാരിയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബിജെപി അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ സുവേന്ദു അടുത്തത് നിങ്ങളാണെന്ന് മമത ബാനര്‍ജിക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബിജെപിയുടെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്. 'നമ്മള്‍ ഡല്‍ഹിയില്‍ വിജയിച്ചു, 2026 ല്‍ ബംഗാളിന്റെ ഊഴമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്.
2026 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിരിക്കും പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരിക്കല്‍ മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമാണ്. ബംഗാളിലെ ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാവായാണ് സുവേന്ദുവിന്റെ വളര്‍ച്ച. പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഗളന്‍മാരുടെ പേരിലുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുമെന്നത് അടക്കം നിരവധി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള നേതാവാണ് സുവേന്ദു.
മറ്റൊരു മുതിര്‍ന്ന ബംഗാള്‍ ബിജെപി നേതാവായ സുകാന്ത മജൂംദാറും മമത ബാനര്‍ജിക്ക് സമാനമായ മുന്നറിയിപ്പ് നല്‍കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
ബിജെപിയുടെ വിജയത്തിന് ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് രണ്ടു നേതാക്കളും നന്ദി പറഞ്ഞു. അതേസമയം ബംഗാളി സമൂഹം ബിജെപിക്കാണോ മമത ബാനര്‍ജിയുടെ പിന്തുണയുള്ള ആം ആദ്മി പാര്‍ട്ടിക്കാണോ വോട്ട് ചെയ്തത് എന്ന് വ്യക്തമല്ല.
ഡല്‍ഹിയില്‍ ആകെയുള്ള 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണത്തില്‍ ബിജെപി വിജയിച്ചു. 2020 ലെ എട്ട് സീറ്റില്‍ നിന്ന് വന്‍ മുന്നേമാണ് പാര്‍ട്ടി ഇക്കുറി നടത്തിയത്. ഡല്‍ഹിയിലെ ഈ വിജയം തൃണമൂല്‍ കോണ്‍ഗ്രസിനെ വരുന്ന തിരഞ്ഞെടുപ്പില്‍ തോല്‍പിക്കാനുള്ള ബിജെപിയുടെ ആത്മവിശ്വാസത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ്്.
2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2021 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂലിനെ വിജയത്തിലേക്ക് നയിച്ചത് മമതാ ബാനര്‍ജിയുടെ നേതൃത്വമാണ്.












Click it and Unblock the Notifications