അന്ന് പാകിസ്ഥാന്റെ മരുമകള്‍, ഇന്ന് ഇന്ത്യയുടെ അഭിമാനം..; സാനിയ വഴി ന്യൂനപക്ഷ വോട്ടിലേക്കോ ബിജെപി കണ്ണ്
തെലങ്കാനയിലെ വോട്ടര്‍മാരില്‍ 12.7 ശതമാനം മുസ്ലീങ്ങളാണ്. മുന്‍പ് കോണ്‍ഗ്രസിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്നു ഇവര്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സയെ ഒരു കാലത്ത് പാകിസ്ഥാന്റെ മരുമകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ബി ജെ പി നേതാവ് നിലപാട് മാറ്റി. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ച സാനിയ മിര്‍സയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാടില്‍ നിന്ന് വ്യതിചലിച്ച് ബി ജെ പി മുന്‍ തെലങ്കാന അധ്യക്ഷന്‍ കെ ലക്ഷ്മണന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യയുടെ അഭിമാനം എന്നാണ് സാനിയ മിര്‍സയെ ലക്ഷ്മണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കായികരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച ഏറ്റവും മികച്ച ടെന്നീസ് കളിക്കാരിലൊരാള്‍ എന്നായിരുന്നു സാനിയ മിര്‍സയെ നരേന്ദ്ര മോദി വിശേഷിപ്പിച്ചിരുന്നത്. സാനിയ മിര്‍സക്ക് അഭിനന്ദനം നേര്‍ന്ന് കൊണ്ട് നരേന്ദ്ര മോദി കത്തെഴുതുകയും ചെയ്തിരുന്നു. ഇതോടെയാണ് ലക്ഷ്മണും നിലപാട് മാറ്റിയത്.

പാകിസ്ഥാന്റെ മരുമകള്‍
നിലവില്‍ ബി ജെ പിയുടെ ഒബിസി മോര്‍ച്ച ദേശീയ പ്രസിഡന്റാണ് കെ ലക്ഷ്മണ്‍. 2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ സാനിയ മിര്‍സയെ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി കെ സി ആര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് എതിരെയായിരുന്നു ലക്ഷ്മണിന്റെ വിമര്‍ശനം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ സാനിയ പങ്കെടുത്തിട്ടില്ല എന്നായിരുന്നു ലക്ഷ്മണ്‍ ഇതിന് കാരണമായി പറഞ്ഞത്.

സാനിയ ഹൈദരാബാദിയല്ല
മഹാരാഷ്ട്രയില്‍ ജനിച്ച് പിന്നീട് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ സാനിയ മിര്‍സക്ക് പ്രാദേശികമായ പാരമ്പര്യം അവകാശപ്പെടാനാകില്ല എന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതോടെ അവര്‍ പാകിസ്ഥാന്റെ മരുമകള്‍ ആയി എന്നുമായിരുന്നു ലക്ഷ്മണ്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്നത്തെ തന്റെ പ്രസ്താവനകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

ലക്ഷ്യം മുസ്ലീം വോട്ടോ
സാനിയ മിര്‍സ മികച്ച കായിക താരമാണ്. സ്‌പോര്‍ട്‌സിനോടുള്ള അവരുടെ അഭിനിവേശം രാജ്യത്തിന് നിരവധി തവണ അഭിമാനം കൊള്ളിച്ചു. പ്രധാനമന്ത്രിയുടെ പ്രശംസ അവരുടെ പ്രയത്‌നത്തെയാണ് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സാനിയയെ മോദി പ്രശംസിച്ചതും ലക്ഷ്മണ്‍ നിലപാട് മാറ്റിയതും ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് ചിലര്‍ നിരീക്ഷിക്കുന്നത്.

12.7 ശതമാനം മുസ്ലീം വോട്ട്
തെലങ്കാനയിലെ വോട്ടര്‍മാരില്‍ 12.7 ശതമാനം മുസ്ലീങ്ങളാണ്. ഇവരില്‍ നല്ലൊരു ശതമാനം വോട്ടും ബി ആര്‍ എസിനും എ ഐ എം ഐ എമ്മിനും ആണ് ലഭിക്കാറുള്ളത്. തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 50 എണ്ണത്തിലും 10 ശതമാനത്തില്‍ അധികം മുസ്ലീം വോട്ടര്‍മാര്‍ ഉണ്ട്. മുസ്ലീം വോട്ട് ബാങ്ക് കോണ്‍ഗ്രസിന്റെ പരമ്പരാഗത പിന്തുണക്കാരായിരുന്നെങ്കിലും പിന്നീട് ഇത് ബി ആര്‍ എസിലേക്ക് തിരിഞ്ഞു.












Click it and Unblock the Notifications