അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ബിജെപി; തബ്ലീഗിനെ നിരോധിക്കണമെന്ന് രാഷ്ട്രപതിക്ക് കത്ത്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ബിജെപി. പകരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേരിടണമെന്നാണ് ആവശ്യം. ഡല്‍ഹി ബിജെപിയുടെ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍ ആണ് പുതിയ ആവശ്യം ഉന്നയിച്ച് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിന് കത്തയച്ചിരിക്കുന്നത്. ബിപിന്‍ റാവത്തിന്റെ പേര് ഡല്‍ഹിയില്‍ സ്ഥിരമായി നിലനില്‍ക്കുന്നതിന് വേണ്ടിയാണ് അക്ബര്‍ റോഡിന്റെ പേര് മാറ്റി റാവത്തിന്റെ പേരിടണമെന്ന് ആവശ്യപ്പെടുന്നതെന്ന് കത്തില്‍ വിശദീകരിക്കുന്നു.

അക്ബര്‍ ചക്രവര്‍ത്തി അധിനിവേശം നടത്തിയ വ്യക്തിയാണെന്ന് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പറയുന്നു. ഡല്‍ഹിയിലെ സുപ്രധാന റോഡാണിത്. പുനര്‍നാമകരണം ചെയ്താല്‍ ജനറല്‍ ബിപിന്‍ റാവത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കല്‍ കൂടിയാകുമെന്നും നവീന്‍ കുമാര്‍ പറഞ്ഞു. അതേസമയം, ബിജെപി നേതാവ് ഉന്നയിച്ച ആവശ്യത്തോട് യോജിപ്പാണുള്ളതെന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ പറഞ്ഞു. മുന്‍സിപ്പല്‍ കൗണ്‍സില്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉപാധ്യായ കൂട്ടിച്ചേര്‍ത്തു. മുമ്പും അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രി വികെ സിങ് ആവശ്യപ്പെട്ടത് മഹാരത്‌ന പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്നാണ്. പല ബിജെപി നേതാക്കളും അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവരുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ റോഡിന്റെ പേരെഴുതിയ ബോര്‍ഡ് ഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. സമ്രത് ഹെമു വിക്രമാദിത്യ മാര്‍ഗ് എന്ന് അവര്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഡല്‍ഹിയിലെ വിവിഐപി മേഖലയിലാണ് അക്ബര്‍ റോഡ്. കോണ്‍ഗ്രസ് ഓഫീസ്, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ വസതി എന്നിവയെല്ലാം അക്ബര്‍ റോഡിലാണ്.
അതേസമയം, തബ്ലീഗ് ജമാഅത്തിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് മനോജ് പോസ്‌വാള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. കഴിഞ്ഞ ദിവസം സൗദി അറേബ്യ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ ബിജെപി വൈസ് പ്രസിഡന്റ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.
ഭീകരതയുടെ കവാടമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചത്. സൗദി അറേബ്യയുടെ നടപടിക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇസ്ലാമിക രാജ്യമായ സൗദി പോലും നടപടിയെടുത്തു. ഇനി ഇന്ത്യ സമയം കളയരുതെന്നും ഉടനെ നിരോധിക്കണമെന്നും മനോജ് പോസ്‌വാള്‍ കത്തില്‍ ആവശ്യപ്പെട്ടു. 1920കളില്‍ ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ട സംഘടനയാണ് തബ്ലീഗ് ജമാഅത്ത്. ഇന്ന് 150 രാജ്യങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications