വ്യാജവാഗ്ദാനങ്ങളൊന്നും ഞങ്ങള്‍ നല്‍കിയിട്ടില്ല, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് മോദി
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ അഭിസംബോധനയിലെ നന്ദിപ്രമേയത്തിന് 14-ാം തവണയും മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ അവസരം നല്‍കിയതില്‍ താന്‍ വലിയ ഭാഗ്യവാനാണ് എന്ന് മോദി പറഞ്ഞു. അതിനാല്‍ താന്‍ ജനങ്ങളോട് ആദരവോടെ നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി നടത്തിയ പ്രസംഗം വികസിത ഭാരതം എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും പുതിയ പ്രതീക്ഷകള്‍ നല്‍കുകയും ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത് എന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു എന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി എന്നും അദ്ദേഹം പറഞ്ഞു.

''നമ്മുടെ രാജ്യത്ത് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു. ഒരു പ്രശ്‌നം തിരിച്ചറിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് ഒരു രൂപ അയച്ചപ്പോള്‍ 15 പൈസ മാത്രമാണ് ഏറ്റവും താഴെ തട്ടിലേക്ക് എത്തിയത്. ആരാണ് 15 പൈസ കൈപ്പറ്റുന്നത് എന്നത് എല്ലാവര്‍ക്കും മനസിലാകുന്ന കാര്യമാണ്. അക്കാലത്ത് പഞ്ചായത്ത് തലം മുതല്‍ കേന്ദ്ര തലം വരെ ഒരേയൊരു പാര്‍ട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ,' അദ്ദേഹം പരിഹസിച്ചു.
ഇതിന് പരിഹാരം കാണാനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും സമ്പാദ്യവും വികസനവും എന്നതാണ് തങ്ങളുടെ മാതൃക എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ വേദനയും സാധാരണക്കാരുടെ ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കും മനസിലാകില്ല എന്നും അതിന് അഭിനിവേശം വേണം എന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഇതുവരെ നല്‍കിയത് 4 കോടി വീടുകളാണ് എന്നും കഷ്ടപ്പെട്ട് ജീവിതം നയിച്ചവര്‍ക്കേ വീട് കിട്ടുന്നതിന്റെ വില മനസ്സിലാകൂവെന്നും മോദി പറഞ്ഞു.
മുന്‍കാലങ്ങളില്‍ ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാല്‍ സ്ത്രീകള്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ഈ സൗകര്യമുള്ളവര്‍ക്ക് ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല. ഞങ്ങള്‍ 12 കോടിയിലധികം ടോയ്ലറ്റുകള്‍ നല്‍കി', പ്രധാനമന്ത്രി പറഞ്ഞു. ആഡംബര വസതികള്‍ നിര്‍മിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നേതാക്കളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
എന്നാല്‍ തങ്ങളുടെ ശ്രദ്ധ എല്ലാ വീട്ടിലും വെള്ളം എത്തിക്കുന്നതിലാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും ഏകദേശം 16 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളത്തിനായുള്ള കണക്ഷന്‍ ഇല്ലായിരുന്നു എന്നും തങ്ങളുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 12 കോടി കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കിയെന്നും മോദി പറഞ്ഞു.
ഞങ്ങള്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടില്ല. എന്നാല്‍ ചിലര്‍ കൊണ്ടുവന്ന ഗരീബി ഹഠാവോ മുദ്രാവാക്യം ഇന്ന് എവിടെയെന്നും മോദി ചോദിച്ചു. സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അംഗീകരിച്ചു. ആദായ നികുതി ഭാരത്തില്‍ നിന്ന് മധ്യവര്‍ഗത്തെ ഒഴിവാക്കി എന്നും പത്ത് വര്‍ഷത്തിനിടെ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് 12 ലക്ഷമായാണ് ഉയര്‍ത്തിയതെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications