യുപിയിൽ സുപ്രധാന നീക്കവുമായി ബിജെപി; മോദിയുടെ വിശ്വസ്തനെ ഉപാധ്യക്ഷനായി നിയമിച്ചു
ലഖ്നൗ; സംസ്ഥാനത്ത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിനെതിരെ പാർട്ടിയില്‍ അതൃപ്തികൾ പുകയുന്നതിനിടെ നരേന്ദ്രമോദിയുടെ വിശ്വസ്തനെ ഉപാധ്യക്ഷനായി നിയമിച്ച് ബിജെപി. ഗുജറാത്തിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ എകെ ശർമ്മയെയാണ് ഉപാധ്യക്ഷനാക്കിയത്. ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രധാനമായ നീക്കം.
നേരത്തേ തന്നെ ശർമ്മയെ സുപ്രധാന പദവികളിൽ നിയമിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. നിലവിൽ ലെജസ്ലേറ്റീവ് കൗൺസിൽ അംഗമാണ് ശർമ്മ. മോദിയുടെ മണ്ഡലമായ വാരണാസിയിലെ കൊവിഡ് പ്രതിരോധ ചുമതല വഹിച്ചിരുന്നത് ശർമ്മയായിരുന്നു.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. ബിജെപിയിൽ തന്നെ യോഗിക്കെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതോടെ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യോഗിയെ മാറ്റി നിർത്തിയേക്കുമെന്നും മന്ത്രിസഭ പുന;സംഘടന ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിനിടയിൽ യുപിയിൽ നിന്നുള്ള പ്രമുഖ നേതാവായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതോടെ യോഗിക്കെതിരായ നീക്കങ്ങൾ പാർട്ടിയിൽ ശക്തമാകുന്നുണ്ടെന്നുള്ള ചർച്ചകളും ഉയർന്നിരുന്നു. ഇതോടെ കഴിഞ്ഞ ആഴ്ച യോഗി ആദിത്യനാഥ് ദില്ലിയിൽ എത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ മന്ത്രിസഭയിൽ അഴിച്ച് പണി നടത്തില്ലെന്നും യോഗി തുടരുമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.
സിമ്പില്‍ ലുക്കില്‍ സുന്ദരിയായി അനു സിത്താര; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications