ഹിമാചലില്‍ അവിശ്വാസം കൊണ്ടുവരാന്‍ ബിജെപി; ഡികെയോട് ഷിംലയിലെത്തണമെന്ന് കോണ്‍ഗ്രസ്
ഷിംല: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തതിനെ തുടര്‍ന്ന് രൂപപ്പെട്ട ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു നയിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏത് നിമിഷവും താഴെ വീണേക്കാം എന്ന സാഹചര്യത്തിലാണ്. അതിനിടെ ബി ജെ പിയും സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ കണ്ട ബി ജെ പി എം എല്‍ എമാര്‍ ബജറ്റില്‍ വോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. മുതിര്‍ന്ന ബി ജെ പി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജയറാം താക്കൂര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലെയ്നുമായി കൂടിക്കാഴ്ച നടത്തി. സുഖ്വീന്ദര്‍ സുഖുവിന് ഭരിക്കാനുള്ള ജനവിധി നഷ്ടപ്പെട്ടുവെന്ന് അവകാശപ്പെട്ട് ബി ജെ പി വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടു എന്നും ജയ്‌റാം താക്കൂര്‍ പറഞ്ഞു. നേരത്തെ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ആറ് കോണ്‍ഗ്രസ് എം എല്‍ എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെ ആണ് ഹിമാചല്‍ പ്രദേശിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയം.
അതേസമയം ഹിമാചലില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തീവ്രശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു ഹോട്ടല്‍ സിസിലില്‍ എത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാജീവ് ശുക്ല, ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍ എന്നിവരെ പ്രശ്‌ന പരിഹാരത്തിനായി എ ഐ സി സി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ മാറ്റണം എന്നാണ് അസംതൃപ്തരായ എം എല്‍ എമാരുടെ ആവശ്യം എന്നാണ് വിവരം.
ക്രോസ് വോട്ടിംഗ് നടത്തിയ ആറ് എം എല്‍ എമാരുമായി സംസാരിക്കാന്‍ മുതിര്‍ന്ന നേതാക്കളായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയോഗിച്ചു. മുന്‍ ഹരിയാന മുഖ്യമന്ത്രി ഹൂഡയും കര്‍ണാടക ഉപമുഖ്യമന്ത്രി ശിവകുമാറും ബുധനാഴ്ച ഷിംലയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന് ശേഷം ആറ് എം എല്‍ എമാര്‍ ചൊവ്വാഴ്ച ഷിംലയില്‍ നിന്ന് ഹരിയാനയിലേക്ക് പോയിരുന്നു. ഇവര്‍ ബി ജെ പിയുമായി സമ്പര്‍ക്കത്തിലാണെന്നാണ് വിവരം. ചില എം എല്‍ എമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉപമുഖ്യമന്ത്രി മുകേഷ് അഗ്‌നിഹോത്രിയുടെ പേര് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എം എല്‍ എമാര്‍ ഹൈക്കമാന്‍ഡിന് മുമ്പാകെ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി ഒരു വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റണം എന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ ഞെട്ടിക്കുന്ന തോല്‍വി പ്രതിപക്ഷ ഗ്രൂപ്പിന് തന്നെ വലിയ ആഘാതമായിരുന്നു. 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം എല്‍ എമാരും ബി ജെ പിക്ക് 25 എം എല്‍ എമാരുമാണുള്ളത്. ബാക്കിയുള്ള മൂന്ന് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്.
നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹിമാചല്‍ പ്രദേശ്. തെലങ്കാനയിലും കര്‍ണാടകയിലും ആണ് ഇതിന് പുറമെ കോണ്‍ഗ്രസിന് ഭരണമുള്ളത്.












Click it and Unblock the Notifications