ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ്; അനിൽ ആന്റണി ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക്?
ദില്ലി: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാന നേതൃത്വത്തിൽ സുപ്രധാന പദവി നൽകാൻ ബി ജെ പി. ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് നീക്കം. മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ അനിലിനെ ദേശീയ തലത്തിലേക്ക് പരിഗണിച്ചേക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ സംസ്ഥാന തലത്തിൽ ചുമതല നൽകുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
കോൺഗ്രസിൽ അനിലിന് ലഭിക്കാത്ത പരിഗണന പാർട്ടിയിൽ നൽകാനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. മാത്രമല്ല കോൺഗ്രസ് വിട്ടെത്തുന്നവർക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കുമെന്ന സന്ദേശവും അനിലിന്റെ നിയമനത്തിലൂടെ നൽകാൻ ബി ജെ പി കണക്കു കൂട്ടുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള കൂടുതൽ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നു.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിൽ അനിലിനെ മത്സരിപ്പിക്കാനുള്ള ആലോചനയും ബി ജെ പിയിൽ ശക്തമാണ്. മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിന്ന് മത്സരിപ്പിക്കാനാണ് പാർട്ടിയിലെ ചർച്ചകൾ. ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ ആയിരിക്കും അനിലിനെ പരിഗണിച്ചേക്കുക. അറ്റകൈയെന്ന നിലയിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ശശി തരൂരിനെതിരെ അനിലിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന ബി ജെ പിയിൽ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ വ്യാപകമായ അഴിച്ചുപണി ഉടൻ ഉണ്ടായേക്കില്ലെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. മുതിർന്ന നേതാവ് എം ടി രമേശ് മാറിയേക്കും. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും മാറ്റി അദ്ദേഹത്തെ ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് സംസ്ഥാന ജനറൽ സെക്രട്ടറിയാകുമെന്നും സൂചനയുണ്ട്.
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമാക്കിയിരിക്കുകയാണ് ബി ജെ പി. ലോക്സഭ മണ്ഡലങ്ങളിൽ ദേശീയ നേതാക്കളുടെ സന്ദർശനം തുടരുകയാണ്. മണ്ഡലങ്ങളിൽ ആയിരം പേരെ വീതമെങ്കിലും കാണാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇത്തവണ കുറഞ്ഞത് 6 സീറ്റുകളെങ്കിലും വിജയിക്കുകയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. തിരുവനന്തപുരം,തൃശൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്.












Click it and Unblock the Notifications