മമതയെ പാട്ടിലാക്കാന്‍ ബിജെപിയുടെ ബംഗാൾ പാക്കേജ്
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ബി ജെ പി ക്യാംപുമായി അടുക്കുന്നതായി സൂചന. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള സാധ്യതയാണ് ദീദിയെ കാവി പാളയത്തിലേക്ക് അടുപ്പിക്കുന്നത്. ഏറ്റവും വലിയ പാര്‍ട്ടിയായാലും ഭരിക്കാനുളള ഭൂരിപക്ഷം തികയണമെങ്കില്‍ ബി ജെ പിക്ക് ഇനിയും സഖ്യകക്ഷികളെ കിട്ടിയേ തീരൂ താനും.
മമതാ ബാനര്‍ജിയെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാനം 2016 ല്‍ നടക്കാനിരിക്കുന്ന അസംബ്ലി ഇലക്ഷനാണ്. പശ്ചിമ ബംഗാളിനെ പിടിച്ചു കുലുക്കാന്‍ പോന്ന എന്തെങ്കിലും അപ്പോഴേക്കും തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടിയേ മതിയാകൂ. ഇവിടെയാണ് ബി ജെ പിയുടെ കളി. പശ്ചിമ ബംഗാളിന് പ്രത്യേക പാക്കേജ് അനുവദിക്കാമെന്ന വാഗ്ദാനത്തിലാണ് മമതയെ ബി ജെ പി പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.

25 മുതല്‍ 30 സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസിന് കിട്ടിയേക്കും എന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. ഇത് കിട്ടിയാല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ശേഷം ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയാകും തൃണമൂല്‍. പിന്തുണ നല്‍കിയാലും ബി ജെ പി നയിക്കുന്ന സര്‍ക്കാരിന്റെ ഭാഗമാകാന്‍ മമത തയ്യാറാകില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് മുന്‍പ് ഇക്കാര്യത്തില്‍ ഒരു ധാരണ ഉണ്ടാകാനുളള സാധ്യത വിരളമാണ്.
പശ്ചിമ ബംഗാളില്‍ 25 ശതമാനത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ പെട്ടിയിലാക്കണമെങ്കില്‍ മമതാ ബാനര്‍ജിക്ക് നരേന്ദ്ര മോദിയെ എതിര്‍പക്ഷത്ത് നിര്‍ത്തിയേ മതിയാകൂ. കോണ്‍ഗ്രസും ഇടതുപക്ഷവുമായി ഒരുതരത്തിലുമുള്ള ധാരണയുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായേക്കാം എന്ന കാര്യം ബി ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി സമ്മതിച്ചിട്ടില്ല.












Click it and Unblock the Notifications