
കർണാടകയിലും ഗുജറാത്ത് മോഡൽ; നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ബൊമ്മി തെറിക്കുമോ?ചർച്ച
ദില്ലി; മുൻ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ നേതാക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെയായിരുന്നു ബി ജെ പി ദേശീയ നേതൃത്വം ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ബസവരാജ് ബൊമ്മിയെ കർണാടക മുഖ്യമന്ത്രിയാക്കിയത്. എന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബൊമ്മി തെറിച്ചേക്കുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ബി എൽ സന്തോഷിൻറെ പ്രതികരണമാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.
സംസ്ഥാന നേതൃത്വത്തിൽ സമൂലമായ മാറ്റം വരുത്താൻ ബി ജെ പിക്ക് കരുത്തുണ്ടെന്നായിരുന്നു മൈസൂരിൽ വെച്ച് നടന്ന പാർട്ടി പരിപാടിയിൽ സന്തോഷ് വ്യക്തമാക്കിയത്. ' ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പു വേളയിൽ നിലവിലെ ജനപ്രതിനിധികൾക്ക് ടിക്കറ്റ് നൽകേണ്ടെന്ന് നേതൃത്വം തിരുമാനിച്ചു. അതുപോലെ തന്നെ ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ടുതവണ മത്സരിച്ച സ്ഥാനാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ടിക്കറ്റ് ലഭിച്ചില്ലെന്ന് പാർട്ടി ഉറപ്പാക്കി. ഗുജറാത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ മുഴുവൻ ക്യാബിനെറ്റ് അംഗങ്ങളേയും മാറ്റിയെന്നും' സന്തോഷ് പറഞ്ഞു.
ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിക്കാനിരിക്കേയായിരുന്നു സന്തോഷിൻറെ പ്രതികരണം. ഇതോടെ ബസവരാജ് ബൊമ്മിയെ ഉൾപ്പെടെ മാറ്റിയുള്ള ഉടച്ച് വാർക്കലിന് തയ്യാറെടുക്കുകയാണ് നേതൃത്വം എന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. അതേസമയം ബൊമ്മിയെ മാറ്റാൻ സാധ്യത ഇല്ലെന്നും എന്നാൽ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചനകൾ എന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
ബസവരാജ് ബൊമ്മി മുഖ്യമന്ത്രിയായത് മുതൽ കർണാടകത്തിൽ വലിയ വിവാദങ്ങൾ ഉടലെടുത്തിരുന്നു. ഹിജാബ് വിവാദവും, ക്ഷേത്ര പരിസരങ്ങളിൽ മുസ്ലീം കച്ചവടക്കാരെ വിലക്കിയ നടപടിയെല്ലാം വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിൽ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വം. ഇത്തരം വിഷയങ്ങൾ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ സഹായിക്കുമെങ്കിലും അതുകൊണ്ട് മാത്രം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കുമെന്ന് കരുതേണ്ടെന്നായിരുന്നു ദേശീയ നേതൃത്വം നൽകിയ മുന്നറിയിപ്പ്. വികസന വിഷയങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് ചർച്ചയാക്കണമെന്ന ശക്തമായ നിർദ്ദേശവും അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു.
അതേസമയം ബൊമ്മിയെ മാറ്റാൻ ഉദ്ദേശിച്ചുള്ളതാണ് ഇപ്പോഴത്തെ ബി ജെ പിയിലെ ചർച്ചകൾ എന്നായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും വാർത്തകളോട് പ്രതികരിച്ചത്. ബൊമ്മി ഒരു ആർ എസ് എസ് നേതാവല്ല അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹത്തെ മാറ്റാനാണ് ബി ജെ പി തയ്യാറെടുക്കുന്നതെന്ന് സിദ്ദരാമയ്യ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ബൊമ്മി ഇതുവരെ തയ്യാറായിട്ടില്ല.
ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കർണാടക. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസും ജെ ഡി എസും കൈകോർത്തതോടെയാണ് ബി ജെ പി ഭരണം നഷ്ടമായത്. എന്നാൽ വൈകാതെ തന്നെ സഖ്യ സർക്കാരിനെ താഴെയിറക്കി ബി ജെ പി ഭരണം തിരിച്ച് പിടിക്കുകയായിരുന്നു. അന്ന് മുൻ മുഖ്യമന്ത്രി കൂടിയായ യെഡിയൂരപ്പയുടെ കൂടി നീക്കങ്ങളായിരുന്നു വീണ്ടും അധികാരത്തിലേറാൻ ബി ജെ പിയെ സഹായിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെഡിയെ മാറ്റിയതിന് അദ്ദേഹത്തിന് സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിന് ബി ജെ പി നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിൽ ഗുജറാത്തിന് സമാനമായ രീതിയിൽ മന്ത്രിസഭയിൽ വലിയ പൊളിച്ചെഴുത്തിന് ബി ജെ പി ദേശീയ നേതൃത്വം തയ്യാറെടുത്തേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.