'ജനാധിപത്യമൂല്യം പിന്തുടരുന്ന ലോകത്തിലെ ഏക പാര്‍ട്ടി ബിജെപി'; ജനങ്ങള്‍ക്ക് വിശ്വാസമെന്ന് മോദി
ന്യൂഡല്‍ഹി : ജനാധിപത്യമൂല്യങ്ങള്‍ പിന്തുടരുന്ന ലോകത്തിലെ ഏക പാര്‍ട്ടി ബിജെപി മാത്രമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അംഗത്വം പുതുക്കിക്കൊണ്ട് ബിജെപിയുടെ 2024 മെമ്പര്‍ഷിപ്പ് ഡ്രൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്നാണ് മോദിക്ക് അംഗത്വം പുതുക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഉന്നത ബിജെപി നേതാക്കളെല്ലാം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
'സദസ്യത അഭിയാന്റെ' മറ്റൊരു റൗണ്ട് ഇന്ന് ആരംഭിക്കുകയാണ് എന്നും ഭാരതീയ ജനസംഘം മുതല്‍ രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും മോദി പറഞ്ഞു. ജനങ്ങള്‍ അധികാരം നല്‍കുന്ന സംഘടന ജനാധിപത്യ മൂല്യങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍, ആന്തരിക ജനാധിപത്യം അതില്‍ വസിക്കുന്നില്ലെങ്കില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യം അവിടെ ഉണ്ടാകും,' മോദി പറഞ്ഞു.

രാജ്യത്തെ പൗരന്‍മാരുടെ അഭിലാഷങ്ങള്‍ക്ക് പുതിയ ഉയരങ്ങള്‍ നല്‍കാനുള്ള ദൃഢനിശ്ചയത്തിലാണ് തങ്ങള്‍ എന്നും ദേശീയ അംഗത്വ കാമ്പയിന്‍ ആരംഭിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സ്വയം മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
'ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുന്‍പ് ജനസംഘത്തിന്റെ കാലത്ത്, നമ്മുടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ ചുവരുകളില്‍ 'ദിയ' (ജനസംഘത്തിന്റെ ചിഹ്നം) വരയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ അവരെ പലരും കളിയാക്കിയിരുന്നു. പിന്നീട് ആത്മവിശ്വാസത്തോടെ ചുവരുകളില്‍ താമര വരച്ചവരാണ് ഞങ്ങള്‍, ചുവരുകളില്‍ വരച്ച താമര ഒരുനാള്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ വരയ്ക്കപ്പെട്ടു,' പ്രധാനമന്ത്രി പറഞ്ഞു.
നയങ്ങളുടെയും തീരുമാനങ്ങളുടെയും സ്വീകരിച്ച പാതകളുടെയും അടിസ്ഥാനത്തില്‍ രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറ്റവും വലിയ വിശ്വാസം ബിജെപിയെ ആണ്. അതുകൊണ്ട് ആ കരുത്തില്‍ നമ്മള്‍ മുന്നേറണം. ഈ അംഗത്വ കാമ്പയിന്‍ പഴയ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വളര്‍ച്ചയില്‍ സാധാരണ പ്രവര്‍ത്തകരുടെ പോരാട്ടത്തെക്കുറിച്ചും അദ്ദേഹം ഓര്‍മിപ്പിച്ചു.
''പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കായി അധികാരത്തിലിരിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കാറുണ്ടായിരുന്നു. അവര്‍ ജയിലിലാക്കപ്പെട്ടു. 50 വര്‍ഷം മുമ്പ്, ജനസംഘത്തിന്റെ ആളുകള്‍ അഹമ്മദാബാദില്‍ സത്യഗ്രഹം നടത്തുകയും പ്രക്ഷോഭത്തിന്റെ പേരില്‍ നിരവധി ജയിലിലടക്കപ്പെടുകയും ചെയ്തു. ജയിലില്‍ പോയ സ്ത്രീ തൊഴിലാളികളില്‍ ഒരാള്‍ 9 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞു' അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി മാത്രമല്ല അതുല്യമായ പാര്‍ട്ടി കൂടിയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപിയെപ്പോലെ സുതാര്യതയോടെയും സത്യസന്ധതയോടെയും മറ്റൊരു പാര്‍ട്ടിയും അംഗത്വ യജ്ഞം നടത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു.
'നമ്മള്‍ വലിയ സ്വപ്നങ്ങള്‍ കണ്ടാലും ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ നമ്മള്‍ നിറവേറ്റാന്‍ കഴിവുള്ളവയുമായി യോജിച്ച് നില്‍ക്കണമെന്ന് മോദിജി ഉറപ്പുവരുത്തിയിട്ടുണ്ട്. നമ്മുടെ വാഗ്ദാനങ്ങള്‍ പ്രവൃത്തികളാക്കി മാറ്റാന്‍ നമുക്ക് കഴിയണം. ഞങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിയല്ല, മറിച്ച് ഒരു ശാക്തീകരണ സമൂഹം രൂപീകരിക്കാനാണ്,' അദ്ദേഹം പറഞ്ഞു.
മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ ഭാഗമായി നിലവിലുള്ള ബിജെപി അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്. പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അംഗത്വ യജ്ഞം അവസാനിക്കും. അതേസമയം അംഗത്വ ഡ്രൈവ് 10 കോടി കവിയുമെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ പറഞ്ഞു.












Click it and Unblock the Notifications