ബിജെപി മന്ത്രി യുവതിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചെന്ന്: രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: മറുപടിയുമായി മന്ത്രി
മുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി മന്ത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷം. ഗ്രാമവികസന വകുപ്പ് മന്ത്രി ജയ്കുമാര്‍ ഗോരെ യുവതിക്ക് നഗ്ന ചിത്രങ്ങള്‍ അയച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ മാപ്പുപറഞ്ഞ മന്ത്രി, വീണ്ടും അവരെ ഉപദ്രവിക്കുകയാണെന്ന് ജയ്കുമാറിന്റെ പേര് പരാമർശിക്കാതെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് വട്ടേറ്റിവർ ആരോപിച്ചു. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവുത്ത് എംപി മന്ത്രിയുടെ പേര് വ്യക്തമാക്കി തന്നെ രംഗത്ത് വന്നു.
എന്നാല്‍ തനിക്കെതിരായ ആരോപണം ജയ്കുമാർ ഗോരെ പൂർണ്ണമായും തള്ളിക്കളയുകയാണ്. കേസില്‍ കോടതി ഇതിനോടകം തന്നെ കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്ന എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കും. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് തികച്ചും രാഷ്ട്രീയ ലക്ഷ്യം മുന്‍നിർത്തി പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബീഡില്‍ സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ വിവാദത്തെത്തുടര്‍ന്ന് മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെയ്ക്ക് ഏതാനും ദിവസം മുന്‍പ് രാജിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ ഡി എ സർക്കാറിനെ പ്രതിസന്ധിയിലാക്കി വിജയ്കുമാറിനെതിരേയും ആരോപണം ഉയരുന്നത്. മന്ത്രിയുടെ പേര് പരസ്യമായി പറഞ്ഞ ശിവസേന (യു ബി ടി) നേതാവ് സഞ്ജയ് റാവുത്ത് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ഇരയായ സ്ത്രീ വിധാന ഭവന് പുരത്ത് നിരാഹാര സമരം നടത്താന്‍ പദ്ധതിയിടുകയാണെന്നും വ്യക്തമാക്കി.
പുണെയിലെ സ്വര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ 26-കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തോട് ചേര്‍ത്താണ് മന്ത്രിക്കെതിരായ ശിവസേന (യു ബി ടി) നേതാവിന്റെ ആരോപണം. 'സ്വർഗേറ്റ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ തെളിഞ്ഞ് വരുന്നു. ഈ മന്ത്രി ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ആ നിസ്സഹായയായ സ്ത്രീ വരും ദിവസങ്ങളിൽ വിധാൻ ഭവന് മുന്നിൽ നിരാഹാര സമരം നടത്തും' റാവുത്ത് ആരോപിച്ചു.
എന്നാല്‍ 2017-ൽ ആരംഭിച്ച കേസ് 2019-ൽ ഒരു കോടതി തള്ളിക്കളഞ്ഞതാണെന്നാണ് മന്ത്രിയുടെ വാദം. പ്രതിപക്ഷം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 'ഈ കേസ് വിചാരണ ചെയ്തു, 2019-ൽ കോടതി എന്നെ കുറ്റവിമുക്തനാക്കി. രാഷ്ട്രീയ നേട്ടത്തിനായി ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് അവകാശലംഘന പ്രമേയങ്ങളും മാനനഷ്ടക്കേസുകളും നേരിടേണ്ടിവരും' വിജയ്കുമാർ പറഞ്ഞു.












Click it and Unblock the Notifications