
ബിജെപി മന്ത്രി കോണ്‍ഗ്രസ് അധ്യക്ഷനുമായി ചര്‍ച്ച നടത്തി; കളംമാറ്റമെന്ന് അഭ്യൂഹം
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറും ബിജെപി മന്ത്രി ആനന്ദ് സിങും തമ്മില്‍ നടത്തിയ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കി. കര്‍ണാടക ടൂറിസം മന്ത്രിയാണ് ആനന്ദ് സിങ്. അടുത്തിടെ ബിജെപി നേതൃത്വം മന്ത്രിസഭയില്‍ വരുത്തിയ മാറ്റത്തില്‍ അതൃപ്തനാണ് ആനന്ദ് സിങ്. അദ്ദേഹം ഡികെ ശിവകുമാറിനെ വീട്ടിലെത്തി കണ്ടത് കളംമാറ്റത്തിന്റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരു നേതാക്കളും ഇത്തരം വാര്‍ത്തകള്‍ തള്ളി. സൗഹൃദ സംഭാഷണമാണ് നടന്നതെന്നും രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും ഡികെ ശിവുകുമാര്‍ പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആരെങ്കിലും വീട്ടിലേക്ക് വരുമോ, റിസോര്‍ട്ടിലോ ഹോട്ടലിലോ പോയാല്‍ പോരേ എന്നും ഡികെ പ്രതികരിച്ചു.
കര്‍ണാടകയില്‍ എംഎല്‍എയാണ് ഡികെ ശിവകുമാര്‍. സഹോദരന് ഡികെ സുരേഷ് ബാംഗ്ലൂര്‍ റൂറല്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്. ഞങ്ങളുടെ രണ്ട് മണ്ഡലങ്ങളിലെ ടൂറിസം പദ്ധതികളെ കുറിച്ചും ചര്‍ച്ച ചെയ്തുവെന്ന് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. ആനന്ദ് സിങ് നേരത്തെ കോണ്‍ഗ്രസ് നേതാവിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്ത സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. അന്ന് കളംമാറിയ കോണ്‍ഗ്രസ് എംഎല്‍എയാണ് ആനന്ദ് സിങ്. നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി അടുപ്പം നിലനിര്‍ത്തുന്ന നേതാവ് കൂടിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഡികെ ശിവകുമാറുമായുള്ള ചര്‍ച്ചയ്ക്ക് കാരണമെന്ത് എന്നത് സംബന്ധിച്ച് പലവിധ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
നേരത്തെ വിജയനഗര ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ആനന്ദ് സിങ്. അടുത്തിടെ ജില്ലാ ചുമതലയില്‍ നിന്ന ആനന്ദ് സിങിനെ ബിജെപി നേതൃത്വം നീക്കി. ഇതില്‍ പ്രതിഷേധിച്ച് ആനന്ദ് സിങിന്റെ അനുകൂലികള്‍ ഹോസ്പേട്ടില്‍ പ്രകടനം നടത്തിയിരുന്നു. ഈ വിഷയത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കവെയാണ് ആനന്ദ് സിങ് വസതിയിലെത്തി ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയത്. മന്ത്രിമാര്ക്കുണ്ടായിരുന്ന ജില്ലാ ചുമതലകളില്‍ മാറ്റം വരുത്തിയതില്‍ ബിജെപിയില്‍ അതൃപ്തി നിലനില്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന മന്ത്രിമാരായ ജെസി മധുസ്വാമി, ആര് അശോക എന്നിവര്‍ക്കും ജില്ലാ പദവി നഷ്ടമായിരുന്നു.
തമിഴ്നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപി ഇനി ഒറ്റയ്ക്ക്, എഐഎഡിഎംകെയുമായി സഖ്യമില്ല
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് ആയിരുന്നു. 15 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ കളംമാറിയതോടെയാണ് 2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. പിന്നീട് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായ ആനന്ദ് സിങിന് വനം വകുപ്പ് ലഭിച്ചു. യെഡിയൂരപ്പ മുഖ്യമന്ത്രി പദവി ഒഴിയുകയും ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയാകുകയും ചെയ്തതോടെ വകുപ്പ് നഷ്ടമായി. പിന്നീട് ലഭിച്ചത് ടൂറിസം വകുപ്പായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആനന്ദ് സിങ് ബൊമ്മൈയേയും യെഡിയൂരപ്പയെയും കണ്ടിരുന്നു. പിന്നീടാണ് ഡികെയെ കാണാന്‍ എത്തിയത്. ഇതോടെയാണ് ആനന്ദ് സിങ് വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രചാരണമുണ്ടായത്.
കര്‍ണാടകത്തില്‍ വൈകാതെ രാഷ്ട്രപതി ഭരണം വേണ്ടി വരുമെന്ന് മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹീം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിജെപി സര്‍ക്കാരിലെ മന്ത്രിമാരും എംഎല്‍എമാരും അതൃപ്തരാണെന്നും പലരും രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നേതൃത്വവുമായി ഇടക്കി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നേതാവാണ് സിഎം ഇബ്രാഹീം. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലോ സമാജ്വാദി പാര്‍ട്ടിയിലോ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.