'സ്ത്രീകൾ ദേവതമാരാണ്, ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത്', ബിജെപി മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
ന്യൂ ഡല്‍ഹി: സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായി കൈലാഷ് വിജയ് വാര്‍ഗിയ നടത്തിയ പ്രസ്താവന വിവാദത്തില്‍. സ്ത്രീകളും പെണ്‍കുട്ടികളും ഇറക്കം കുറഞ്ഞതും ശരീരം പൂര്‍ണമായും മറയ്ക്കാത്തതുമായ വസ്ത്രം ധരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അവരുമൊരുമിച്ച് ഫോട്ടോ എടുക്കാന്‍ താന്‍ തയ്യാറാവാറില്ലെന്നുമാണ് കൈലാഷ് വിജയ് വാര്‍ഗിയ പറഞ്ഞത്.
ഇന്‍ഡോറില്‍ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിജയ് വാര്‍ഗിയ വിവാദ പരാമര്‍ശം നടത്തിയത്. വിജയ് വാര്‍ഗിയയുടെ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതോടെ മന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനം ആണ് ഉയരുന്നത്. സ്ത്രീകള്‍ എന്ത് ധരിക്കണം ധരിക്കരുത് എന്നുളളത് സ്ത്രീകളുടെ മാത്രം തീരുമാനവും അവകാശവും ആണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ താന്‍ ദേവതമാരായാണ് കാണുന്നത് എന്നും പ്രസംഗത്തില്‍ കൈലാഷ് വിജയ് വാര്‍ഗിയ പറയുന്നുണ്ട്. ഇവിടെ പെണ്‍കുട്ടികള്‍ നല്ല വസ്ത്രങ്ങളും നല്ല മേക്കപ്പും നല്ല ആഭരണങ്ങളും ധരിച്ചാല്‍ ആളുകളെ അവരെ സുന്ദരികളായി കാണുന്നു. എന്നാല്‍ വിദേശത്ത് കുറച്ച് വസ്ത്രം മാത്രം ധരിക്കുന്ന സ്ത്രീകളെയാണ് നല്ലതായി കാണുന്നത്. അത് അവരുടെ കാഴ്ചപ്പാടാണ്, മന്ത്രി പറഞ്ഞു.
വിദേശത്തുളള പഴഞ്ചൊല്ലും മന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചു. വിദേശ രാജ്യങ്ങളില്‍ ഒരു പഴഞ്ചൊല്ലുണ്ട്. അത് അത്ര നല്ലതല്ല. കുറച്ച് മാത്രം വസ്ത്രം ധരിച്ച ഒരു സ്ത്രീയെ പോലെ കുറച്ച് മാത്രം പ്രസംഗിക്കുന്ന നേതാവാണ് നല്ലത് എന്നതാണ് ആ പ്രയോഗം. എന്നാല്‍ താന്‍ അതിനോട് യോജിക്കുന്നില്ല. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ ദേവതമാരാണ്. അവര്‍ നല്ല വേഷങ്ങള്‍ വേണം ധരിക്കാന്‍. ശരീരം പുറത്ത് കാണുന്ന തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകളെ എനിക്ക് ഇഷ്ടമല്ല. അത്തരം വേഷം ധരിച്ച പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാന്‍ വരുമ്പോള്‍ താന്‍ പറയും, നിങ്ങള്‍ നല്ല വേഷം ധരിച്ച് വരണം എന്ന്. അവരോടൊത്ത് ഫോട്ടോ എടുക്കാന്‍ താന്‍ സമ്മതിക്കാറില്ല, വിജയ് വാര്‍ഗിയ പറഞ്ഞു.
കൈലാഷ് വിജയ് വാര്‍ഗിയയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. കൈലാഷ് വിജയ് വാര്‍ഗിയ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറംതള്ളപ്പെട്ട അവസ്ഥയിലാണ്. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തി എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. കൈലാഷ് വിജയ് വാര്‍ഗിയയ്ക്ക് താക്കീത് കൊടുക്കണം എന്നാണ് ബിജെപി നേതൃത്വത്തോട് പറയാനുളളത്. സ്ത്രീകളുടെ വേഷത്തെ കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം പതിവാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ സംസാരിച്ച് കൊണ്ട് നിങ്ങള്‍ക്ക് പൊതുമധ്യത്തില്‍ വരാന്‍ പറ്റില്ല. നിങ്ങളുടെ സ്വഭാവം മാറ്റേണ്ടതാണ്, കോണ്‍ഗ്രസ് വനിതാ വിഭാഗം പ്രസിഡണ്ട് വിഭ പട്ടേല്‍ പ്രതികരിച്ചു.












Click it and Unblock the Notifications