ഹരിയാനയിലെ നൂഹില്‍ ബിജെപി എംഎല്‍എമാര്‍! ഉണ്ടുറങ്ങി ക്രിക്കറ്റ് കളിച്ചും റിസോര്‍ട്ടില്‍ ആഘോഷം
കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും തകൃതിയായിരിക്കുകയാണ്. കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വരെ ബിജെപി മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം പ്രതിപക്ഷത്തിന്‍റെ ഓപ്പറേഷന്‍ താമരയ്ക്ക് ഭരണപക്ഷവും മറുപണി തുടങ്ങിയതോടെ ബിജെപി തങ്ങളുടെ എംഎല്‍എമാരെ വിവിധ റിസോര്‍ട്ടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 95 എംഎല്‍എമാര്‍ ഹരിയാനയിലെ നൂഹില്‍ റിസോര്‍ട്ടില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. അധികാരത്തിലേറാന്‍ അവസാന തന്ത്രവും ബിജെപി നേതൃത്വം പയറ്റുമ്പോള്‍ റിസോര്‍ട്ടില്‍ അവധിയാഘോഷത്തില്‍ മുഴങ്ങിയിരിക്കുകയാണ് എംഎല്‍എമാര്‍.

സജീവമാക്കി റിസോര്‍ട്ട് രാഷ്ട്രീയം
എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമങ്ങള്‍ തുടങ്ങിയതോടെ കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും സജീവമാവുകയാണ്. ഇരുപക്ഷങ്ങളും തങ്ങളുടെ എംഎല്‍എമാരെ സുരക്ഷിതമായി റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപി ഹരിയാനയിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

റിസോര്‍ട്ടില്‍ തുടരണം
അതേസമയം ഭരണകക്ഷി എംഎല്‍എമാരെ മാറ്റാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസും തുടങ്ങി കഴിഞ്ഞു. നിലവില്‍ ഹരിയാനയിലെ നൂഹില്‍ തണുത്തുറഞ്ഞ കാലവസ്ഥയില്‍ കഴിയുകയാണ് ബിജെപിഎംഎല്‍എമാര്‍. എന്തൊക്കെ സംഭവിച്ചാലും നേതൃത്വം പറയുന്ന അത്രയും ദിവസം റിസോര്‍ട്ടില്‍ തുടരാനാണ് എംഎല്‍എമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

പുറം ലോകവുമായി ബന്ധമില്ല
അതേസമയം തങ്ങള്‍ക്ക് കിട്ടിയ അവധി ആഘോഷമാക്കുകയാണ് എംഎല്‍എമാര്‍. റിസോര്‍ട്ടിനുള്ളില്‍ ക്രിക്കറ്റ് കളിച്ചും മൃഷ്ടാനും ഭക്ഷിച്ചും ഫോട്ടോയെടുത്തും നേരം കളയുകയാണ് നേതാക്കള്‍. ആര്‍ക്കും പുറത്ത് നടക്കുന്നതൊന്നും അറിയാനുള്ള ഒരു സംവിധാനവും ഇവര്‍ക്കില്ല.

മൊബൈല്‍ ഉപയോഗിക്കരുത്
എല്ലാവരുടേയും മൊബൈലുകള്‍ നിര്‍ബന്ധമായും വാങ്ങി വെച്ചിരിക്കുകയാണ്. ചില മുതിര്‍ന്ന എംഎല്‍എമാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. പേഴ്സണല്‍ സെക്രട്ടറിമാരെ പോലും എംഎല്‍എമാര്‍ക്കൊപ്പം അനുവദിച്ചിട്ടില്ല.

പ്രൈവറ്റ് സെക്രട്ടറിമാര്‍ ഔട്ട്
ഇവരെയെല്ലാം റിസോര്‍ട്ടിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്. ഇവരെ ബന്ധപ്പെടാന്‍ പോലും എംഎല്‍എമാരെ അനുവദിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ നല്ല വാര്‍ത്ത ഉണ്ടാകുമെന്നാണ് എംഎല്‍എമാരെ യെദ്യൂരപ്പ അറിയിച്ചിരിക്കുന്നത്.

ചാക്കിട്ട് പിടിക്കുന്നത് ഇവര്‍
ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ശോഭ കരന്ദ്ലജേ, അരവിന്ദ് ലിമ്പാവല്ലി എന്നീ നേതാക്കളാണ് കോണ്‍ഗ്രസ് എംഎല്‍എമാരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും റിസോര്‍ട്ട് വിട്ട് പോകാന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഇതുവരെ അത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും റിസോര്‍ട്ടില്‍ കഴിയുന്ന നേതാക്കള്‍ വ്യക്തമാക്കി.

കാത്തിരിക്കണമെന്ന്
എംഎല്‍എമാരോട് കാത്തിരിക്കാനാണ് നേതൃത്വം പറഞ്ഞിരിക്കുന്നത്. ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്, ബുധനാഴ്ച വൈകൂട്ടോടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് കണക്കാക്കുന്നതെന്നും റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പറഞ്ഞു.

13 എംഎല്‍എമാര്‍
നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തിയെന്നാണ് വിവരം. ഇവരെ മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്. നിലവില്‍ കോണ്‍ഗ്രസിന് 79 എംഎല്‍എമാരും ജെഡിഎസിന് 37 എംഎല്‍എമാരുമുണ്ട്. സഖ്യസര്‍ക്കാരില്‍ നിന്ന് 13 എംഎല്‍എമാരെയെങ്കിലും ചാടിച്ചാല്‍ മാത്രമേ കൂറുമാറ്റ നിരോധന നിയമം മറികടന്ന ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാനാവൂ.












Click it and Unblock the Notifications