രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബിജെപി; 'തെളിവില്ലാതെ വിഡ്ഢിത്തം പറയുന്നു'
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെയാണ് രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് സൈന്യം ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെയാണ് ബിജെപിയുടെ നടപടി. രാഹുല്‍ വസ്തുതകളെ വളച്ചൊടിച്ചെന്നും പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശങ്ങളിലൂടെ ഇന്ത്യയുടെ യശസ് നശിപ്പിച്ചുവെന്നും നിഷികാന്ത് ദുബെ ആരോപിച്ചു.
സഭയില്‍ തന്റെ പ്രസ്താവനകള്‍ ആധികാരികമാക്കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെങ്കിലും അതില്‍ പരാജയപ്പെട്ടതായും അദ്ദേഹം സ്പീക്കറെ ഓര്‍മ്മിപ്പിച്ചു. 'ഈ വിദ്വാന്‍ നമ്മുടെ രാജ്യത്തെയും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ലമെന്റിന്റെ ഫോറം ഉപയോഗിച്ചതിന് ശേഷം പറഞ്ഞ വിഡ്ഢിത്തം ആധികാരികമാക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ല,' ദുബെ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് ഇന്ത്യയെ പരിഹസിക്കാനും റിപ്പബ്ലിക്കിന്റെ യശസ്സ് താഴ്ത്താനും ചരിത്രപരവും അടിസ്ഥാനപരവുമായ വസ്തുതകളെ ലജ്ജയില്ലാതെ വളച്ചൊടിച്ചെന്ന് ദുബെ കുറ്റപ്പെടുത്തി. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പരാജയത്തെ തുടര്‍ന്ന് ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തുകയാണെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.
ഇതിനെതിരെ ഭരണപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്. രാഹുല്‍ നുണ പറയുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു. 'ഇത്തരത്തിലുള്ള നിസാര പ്രവൃത്തിയും ഭാഷയും ആവര്‍ത്തിച്ച് ഉപയോഗിക്കരുതെന്ന് ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് പാര്‍ലമെന്ററി നിലവാരത്തെ തുരങ്കം വയ്ക്കുന്നു,' റിജിജു പറഞ്ഞു.
ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയവെ, സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു എന്നും ഉല്‍പാദനമേഖല ഇന്ത്യ ചൈനയ്ക്ക് കൈമാറിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഒരു ഭൂമിയും ചൈനയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്ന സര്‍ക്കാരിന്റെ അവകാശവാദം കള്ളമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതിനായി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ഒന്നിലധികം തവണ യുഎസിലേക്ക് അയച്ചതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. എന്നാല്‍ ജയശങ്കര്‍ ഇക്കാര്യം നിഷേധിച്ചു. രാഹുല്‍ ബാധപൂര്‍വം കള്ളം പറഞ്ഞുവെന്ന് ജയശങ്കര്‍ പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications