രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദ് ചെയ്യണം; പ്രമേയവുമായി ബിജെപി
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിടെ ലോക്സഭ അംഗത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രമേയം. എംപി നിഷികാന്ത് ദുബെയാണ് പ്രമേയം അവതരിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കി ജീവിതകാലം മുഴുവൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
രാഹുലിന് ഇന്ത്യ വിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നും ജനങ്ങളേയും സഭയേയും അദ്ദേഹം തെറ്റിധരിപ്പിക്കുകയാണെന്നും ദുബെ ആരോപിച്ചു. 'അവകാശലംഘന പ്രമേയം കൊണ്ടുവരുന്നില്ല. എന്നാൽ രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യു എസ്.എ.ഐ.ഡി. എന്നിവയുമായി അദ്ദേഹം എങ്ങനെ ബന്ധപ്പെടുന്നു, തായ്‌ലൻഡ്, കംബോഡിയ, വിയറ്റ്നാം, യു.എസ്. തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു, ഇന്ത്യ വിരുദ്ധ ശക്തികളുമായി അദ്ദേഹത്തിന് എങ്ങനെ ബന്ധമുണ്ട് എന്നിവയെല്ലാം ഞാൻ പ്രമേയത്തിൽ പരാമർശിച്ചിട്ടുണ്ട്,' ദുബെ പറഞ്ഞു.

പാർലമെൻ്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവും രാഹുലിനെതിരെ നേരത്തേ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ ബിജെപി അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്നായിരുന്നു റിജ്ജുവിൻ്റെ മുന്നറിയിപ്പ്. ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ രൂക്ഷപ്രതികരണങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്.. ഇന്ത്യ-അമേരിക്കൻ ഇടക്കാല വ്യാപാര കരാർ പൂർണ്ണമായ കീഴടങ്ങൽ ആണെന്നായിരുന്നു രാഹുലിൻ്റെ വിമർശനങ്ങളിലൊന്ന്.. കരാർ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് കൈമാറുകയും കർഷകരുടെ താൽപ്പര്യങ്ങളെ ഹനിക്കുകയും ചെയ്തു.ബി.ജെ.പി.യുടെ സാമ്പത്തിക ഘടനയെ സംരക്ഷിക്കാനാണ് ഇത്തരമൊരു കരാർ', എന്നായിരുന്നു രാഹുലിൻ്റെ വിമർശനം.
ഒരു പ്രത്യേക രാജ്യത്ത് നിന്ന് എണ്ണ വാങ്ങരുതെന്ന് അമേരിക്ക പറയുമ്പോൾ, നമ്മുടെ ഊർജ്ജ സുരക്ഷ പുറത്ത് നിന്ന് നിർണ്ണയിക്കപ്പെടുന്നു എന്നാണ് അതിനർത്ഥം. ഇന്ത്യയുടെ താൽപ്പര്യങ്ങളെ തകർത്ത സർക്കാർ ലജ്ജിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാപാര വിഷയങ്ങളിലും രാഹുൽ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയുടെ ശരാശരി തീരുവ 3-ൽ നിന്ന് 18 ശതമാനമായി ഉയർന്നതായും യുഎസിൽ നിന്നുള്ള ഇറക്കുമതി 46 ബില്യൺ ഡോളറിൽ നിന്ന് 146 ബില്യൺ ഡോളറായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവസ്ഥയെ "അസംബന്ധം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിവർഷം ഏകദേശം 100 ബില്യൺ ഡോളറിന്റെ ഇറക്കുമതി വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാകുമ്പോൾ, തിരിച്ച് ഉറച്ച വാഗ്ദാനങ്ങൾ ലഭിക്കുന്നില്ല എന്നതാണ് ഈ സാഹചര്യത്തെ അസംബന്ധമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications