പ്രിയങ്കയുടെ 'ബാഗ് രാഷ്ട്രീയം' ബിജെപിക്ക് കൊണ്ടോ? '1984 ബാഗ്' സമ്മാനം നൽകി എംപി
ഡൽഹി: കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. 1984 ലെ സിഖ് വിരുദ്ധ കലാപം ഓർമ്മിച്ചുകൊണ്ടുള്ളതാണ് ബാഗ്. രക്തം ഒലിച്ചിറങ്ങുന്ന തരത്തിൽ ചുവന്ന മഷിയിലാണ് ബാഗിൽ 1984 എന്ന് എഴുതിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ 'പലസ്തീൻ', 'ബംഗ്ലാദേശ്' ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ എത്തിയിരുന്നു. ഇത് വലിയ ചർച്ചയായതിന് പിന്നാലെയാണ് ബിജെപി എംപിയുടെ സമ്മാനം. അതേസമയം കോൺഗ്രസ് മുൻപ് ചെയ്തത് എന്തൊക്കെയാണെന്ന് പുതുതലമുറ ഓർക്കാൻ വേണ്ടിയാണ് താൻ പ്രിയങ്കയ്ക്ക് ബാഗ് നൽകിയതെന്ന് അപരാജിത പറഞ്ഞു.

'ബഹുമാനപ്പെട്ട എംപിക്ക് ബാഗുകളോട് വലിയ ഇഷ്ടമാണ്. അതിനാലാണ് ഞാൻ അവർക്ക് ബാഗ് തന്നെ സമ്മാനിച്ചത്. ആദ്യം അവർ അത് സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സ്വീകരിച്ചു', അപരാജിത പറഞ്ഞു. ഭുവനേശ്വറിൽ നിന്നുള്ള എംപിയാണ് അപരാജിത സാരംഗി. പാർലമെന്റിന്റെ ഇടനാഴികളിലൂടെ പ്രിയങ്ക നടക്കുമ്പോഴാണ് അപരാജിത പിന്നാലെ ചെന്നതും ബാഗ് നീട്ടിയതും. രാഷ്ട്രീയവും നിലപാടുകളും പറയുന്ന ബാഗുകൾ പ്രിയങ്കയ്ക്ക് പൊതുവെ ഇഷ്ടമാണല്ലോയെന്നും അപരാജിത പറഞ്ഞു.
ശീതകാലസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രിയങ്ക പലസ്തീനും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കും പിന്തുണ അറിയിച്ചുകൊണ്ട് ബാഗ് കൈയ്യിൽ കരുതിയത്. ആദ്യ ദിവസം പലസ്തീൻ ബാഗുമായിട്ടാണ് പ്രിയങ്ക എത്തിയത്. പലസ്തീന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ടായിരുന്നു ഇത്. മാനവികതയോടുള്ള പ്രതിബദ്ധത എന്ന് കോൺഗ്രസ് പ്രിയങ്കയുടെ നടപടിയെ ആഘോഷിച്ചപ്പോൾ രൂക്ഷമായിട്ടാണ് ബിജെപി വിമർശിച്ചത്. പ്രിയങ്കയുടേത് പ്രീണന രാഷ്ട്രീയമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.
മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ വോട്ട് ലഭിക്കാനുള്ള തന്ത്രമാണിതെന്നും നേതാക്കൾ പരിഹസിച്ചു. രാജ്യസ്നേഹത്തിന്റെ ബാഗ് ചുമക്കാത്തവരാണ് ഗാന്ധികുടുംബം എന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ഇസ്രായേലിൽ യുപിയിൽ നിന്നുള്ള യുവാക്കൾ ലക്ഷങ്ങളുടെ ശമ്പളത്തിൽ ജോലി ചെയ്യുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രിയങ്കയ്ക്കെതിരെ രംഗത്തെത്തിയത്.
.പലസ്തീന് വേണ്ടി സംസാരിക്കുന്ന പ്രിയങ്ക എന്തുകൊണ്ടാണ് ബംഗ്ലേദിലെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളിൽ യാതൊരു പ്രതികരണവും നടത്താത്തത് എന്ന വിമർശനവും ചിലർ ഉയർത്തി. ഇതിന് തൊട്ടടുത്ത ദിവസം ബംഗ്ലാദേശിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ബാഗുമായി അവർ പാർലമെന്റിൽ എത്തി. . 'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം' എന്നെഴുതിയ ബാഗാണ് പ്രിയങ്ക കൈയ്യിൽ കരുതിയത്. ഇതും നേതാക്കൾക്ക് ദഹിച്ചിരുന്നില്ല. പ്രിയങ്കയുടെ ബാഗ് രാഷ്ട്രീയം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുവെന്നാണ് ബിജെപി എംപിയുടെ സമ്മാനത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറയുന്നത്.












Click it and Unblock the Notifications