പാർലമെന്റ് ഐടി സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം; ശശി തരൂരിനെതിരെ ബിജെപി എംപി
വ്യക്തി താത്പര്യങ്ങൾക്കുപുറത്ത് യോഗം വിളിച്ചുവെന്നും പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നുമാണ് തരൂരിനെതിരായ നോട്ടീസിൽ ദുബെയുടെ ആരോപണം
ന്യൂഡൽഹി: പെഗാസസ് വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്റ് ഐടി സമിതി വിളിച്ചുചേർത്ത കോൺഗ്രസ് എംപി ശശി തരൂരിന്റെ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി. തരൂരിനെ ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി. വ്യക്തി താത്പര്യങ്ങൾക്കുപുറത്ത് യോഗം വിളിച്ചുവെന്നും പദവിക്ക് നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നുമാണ് തരൂരിനെതിരായ നോട്ടീസിൽ ദുബെയുടെ ആരോപണം.

"ലോക്‌സഭ നടക്കുന്ന അതേസമയത്ത് എങ്ങനെയാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ കഴിയുക. പാര്‍ലമെന്റ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയെന്നത് നമ്മുടെ ജോലിയാണ്. മഹത്തായ ഒരു സമിതിയുടെ ജനാധിപത്യ സ്വഭാവത്തെ അലങ്കോലമാക്കി എന്നതിനു പുറമെ തന്റെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് പാദസേവ ചെയ്യുക കൂടിയായിരുന്നു ഈ മാന്യദേഹം." നോട്ടീസിൽ പറയുന്നു.
അതേസമയം രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് ഭരണം പിടിക്കാമെന്ന മണ്ടന്‍ ധാരണയാണ് കോൺഗ്രസിനെന്നും പേരെടുത്ത് പറയാതെ ദുബെ പരിഹസിച്ചു. സമിതി അധ്യക്ഷനെന്ന നിലയില്‍ തരൂര്‍ സ്വന്തം നിലയില്‍ അജണ്ടകള്‍ തീരുമാനിക്കുകയും അവ സമിതി അംഗങ്ങളോട് പങ്കുവെക്കുന്നതിനു മുമ്പേ മാധ്യമങ്ങള്‍ക്കു കൈമാറുകയും ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തതായും നോട്ടീസിൽ പറയുന്നു.
Recommended Video
ഈ സാഹചര്യത്തിൽ തൽസ്ഥാനത്ത് നിന്ന് ശശി തരൂരിനെ നീക്കുന്നതുവരെ സമിതി യോഗങ്ങളിൽ താൻ പങ്കെടുക്കില്ലെന്നാണ് ദുബെയുടെ നിലപാട്. കഴിഞ്ഞ ദിവസം തരൂർ വിളിച്ച യോഗത്തിൽ നിന്ന് ബിജെപി എംപിമാർ വിട്ടുനിന്നതും അദ്ദേഹം ചൂണ്ടികാട്ടി. ഇന്നലെ നടന്ന യോഗത്തിൽ നിന്ന് ദുബെയും രാജ് വര്‍ധന്‍ റാത്തോഡും ഇറങ്ങിപ്പോയിരുന്നു. യോഗത്തിന്റെ അജണ്ട കൃത്യമായി തങ്ങളെ അറിയിച്ചില്ലെന്നും അതുസംബന്ധിച്ച് ഒട്ടേറെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതായും ആരോപിച്ചായിരുന്നു നടപടി.












Click it and Unblock the Notifications