ചാണകവും ഗോമൂത്രവും അര്‍ബുദം തടയുമെന്ന് ബിജെപി എംപി
ദില്ലി: പശുക്കളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള ബിജെപി നീക്കത്തിന് പിന്നാലെ ചാണകവും ഗോമൂത്രവും അര്‍ബുദത്തെ പൂര്‍ണമായും പ്രതിരോധിക്കുമെന്ന പ്രസ്താവനയുമായി ബിജെപി എംപി എന്‍ ശങ്കര്‍ ഭായി രംഗത്തെത്തി. രാജ്യസഭയില്‍ ഗോവധ നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയിലായിരുന്നു ശങ്കര്‍ ഭായിയുടെ പ്രസ്താവന.
ഗോമൂത്രവും ചാണകവും മികച്ച ഔഷധമാണ്. അര്‍ബുദത്തെ പൂര്‍ണമായും ചെറുക്കാനുള്ള ഔഷധ വീര്യം ഇവയ്ക്കുണ്ട്. മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ പശുക്കളെ കൊല്ലാതിരിക്കണം. പശുക്കള്‍ ഗോ മാതാക്കളായാണ് വേദാന്തങ്ങളില്‍ പരാമര്‍ശിക്കുന്നത്. അതുകൊണ്ടുതന്നെ ഗോമാതാക്കളെ കൊലപ്പെടുത്തുന്നത് ഭാരതത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവധം ഇന്ത്യയ്ക്ക് വന്‍ അപമാനമാണ്. അത് നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മഹാരാഷ്ടയിലും ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ ഗോവധ നിരോധനം നടപ്പിലാക്കിയിരുന്നു. ഗോവധത്തിന് കടുത്ത ശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഗോവധ നിരോധനം നിലവിലുണ്ട്.
എന്നാല്‍ ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഗോവധനിരോധനത്തെ ശക്തിയായി എതിര്‍ക്കുകയാണ്. ജനങ്ങള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം മതത്തിന്റെ പേരില്‍ നിരോധിക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ ഗോവധ നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications