മൂന്നാം തവണയും ഒറ്റ ഇരട്ട നമ്പര്‍ നിയമം തെറ്റിച്ച് ബിജെപി എംപി... വിജയ് ഗോയലിന് 4000 രൂപ പിഴയിട്ടു
ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ ഒറ്റസംഖ്യയുള്ള കാര്‍ നിയമം തെറ്റിച്ച് ബിജെപി എംപി. നിയന്ത്രണത്തില്‍ ആദ്യ ദിവസമായ തിങ്കളാഴ്ച്ച ഇരട്ട നമ്പര്‍ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നഗരത്തിലൂടെ കടത്തിവിടുക. ദില്ലി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഗോയല്‍ ഒറ്റ അക്ക നമ്പറിലുള്ള കാറില്‍ പുറത്തിറങ്ങിയത്. അതേസമയം ഗോയലിന് 4000 രൂപ ദില്ലി പോലീസ് പിഴയിട്ടു.

നിയമപ്രകാരം പ്രധാനമന്ത്രി, രാഷ്ട്രപതി, മറ്റ് കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകളുള്ളത്. ദില്ലിയിലെ ഒരു മന്ത്രിക്ക് പോലും ഇക്കാര്യത്തില്‍ ഇളവില്ല. എന്നിട്ടും മന്ത്രി നിയമം തെറ്റിക്കാനിറങ്ങിയത് ഗുരുതര പിഴവായിട്ടാണ് വിലയിരുത്തുന്നത്. ദില്ലിയിലേക്ക് മെട്രോയിലേക്കാണ് ഗോയല്‍ വാഹനവുമായി എത്തിയത്. ബിജെപി ഉപാധ്യക്ഷന്‍ ശ്യാം ജജുവിനെ പോലുള്ള പ്രമുഖരും ഗോയലിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.
അശോക് റോഡിലെ തന്റെ വസതിയില്‍ നിന്ന് വാഹനത്തില്‍ പുറപ്പെട്ട ഗോയലിനെ ജന്‍പഥില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. നിയമം തെറ്റിച്ചത് മന:പ്പൂര്‍വമാണെന്ന് മന്ത്രി പറഞ്ഞു. കാരണം ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. വെറും നാടകമാണ്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള നിയമമാണിതെന്നും ഗോയല്‍ ആരോപിച്ചു. 70 ലക്ഷം ഇരുചക്ര വാഹനങ്ങള്‍, ഓല, യൂബര്‍ വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, വനിതാ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. അങ്ങനെ വരുമ്പോള്‍ ഇത് വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും ഗോയല്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍ അഞ്ച് വര്‍ഷത്തിനിടെ മലിനീകരണത്തിനെതിരെ ഒന്നും ചെയ്തിട്ടില്ല. വാഹനങ്ങള്‍ കാരണം അന്തരീക്ഷ മലിനീകരണം ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടുകള്‍ ഇതുവരെ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഈ പദ്ധതിയില്‍ നിന്ന് യാതൊരു നേട്ടവും ലഭിക്കുന്നില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പല പാരിസ്ഥിതിക വിദഗ്ദരും ഈ പദ്ധതിക്കെതിരെയാണ്. കാരണം പൊതുജനങ്ങളുടെ പണം ഇതിലൂടെ ഇല്ലാതാവുകയാണെന്നും ഗോയല്‍ കുറ്റപ്പെടുത്തി. നേരത്തെ രണ്ട് തവണയും ഈ പദ്ധതി ലംഘിച്ചതില്‍ ഗോയലിന് പിഴയിട്ടിരുന്നു പോലീസ്.












Click it and Unblock the Notifications