മാർച്ച് 8 നകം ബാങ്ക് അക്കൗണ്ടുകളിൽ അത്രയും തുക എത്തണം: ബിജെപിക്ക് ചെക്ക് വെച്ച് എഎപി; കൂടെ കോണ്‍ഗ്രസും
ഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത ബി ജെ പിക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് എ എ പിയും കോണ്‍ഗ്രസും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു ആഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ നിയമിക്കുന്നതിൽ ബി ജെ പി കാണിക്കുന്ന കാലതാമസം പാർട്ടിക്കുള്ളില്‍ അധികാര വടംവലി വളരെ ശക്തമാണ് എന്നതിനുള്ള കൃത്യമായ ഉദാഹരണമാണെന്ന് ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ദേവേന്ദർ യാദവ് ആരോപിച്ചു.
'27 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ ബി ജെ പി ആദ്യമായി അധികാരത്തിൽ വന്നപ്പോൾ, അതായത് 1993 മുതൽ 1998 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ തലസ്ഥാനം മൂന്ന് മുഖ്യമന്ത്രിമാരെയാണ് കണ്ടത്. ഇത്തവണയും സമാനമായ ഒരു സാഹചര്യം രൂപപ്പെടുകയാണ്. കാരണം ഏകദേശം 10 ബി ജെ പി എം എൽ എമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്," യാദവ് ആരോപിച്ചു.

ബി ജെ പിയോടൊപ്പം തന്നെ ഡി പി സി സി അധ്യക്ഷന്‍ എ എ പി നേതൃത്വത്തിനെതിരേയും വിമർശനം ഉന്നയിച്ചു. 'മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ എ എ പിക്ക് ബി ജെ പിയെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കാരണം 22 എം എൽ എമാരുണ്ടായിട്ടും എ എ പി ഇതുവരെ പ്രതിപക്ഷ നേതാവിനേയും പ്രഖ്യാപിച്ചിട്ടില്ല. കാരണം അവരും ഒരു അധികാര പോരാട്ടത്തിൽ കുടുങ്ങിയതായി തോന്നുന്നു.' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം രാജ്യതലസ്ഥാനം ഇതുവരെ ഭരിച്ച എ എ പി സർക്കാർ വളരെ ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് ബി ജെ പിക്ക് കൈമാറുന്നതെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അതിഷി അഭിപ്രായപ്പെട്ടു. ഇതിനാല്‍ തന്നെ ഡൽഹി നിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് സാമ്പത്തിക തടസ്സങ്ങളൊന്നുമില്ല. ആം ആദ്മിയുടെ ഭരണത്തിൻ കീഴിൽ, ഡൽഹിയുടെ ബജറ്റ് 2014-15 ൽ 31000 കോടി രൂപയിൽ നിന്ന് 2024-25 ൽ 77000 കോടി രൂപയായി വളർന്നുവെന്നും 2015 മുതൽ സംസ്ഥാനം വരുമാന മിച്ചം നിലനിർത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
'ഡൽഹി തെരഞ്ഞെടുപ്പ് വേളയിൽ ബി ജെ പി നിരവധി വാഗ്ദാനങ്ങൾ നൽകി. മോദി ജി കി ഗ്യാരണ്ടി എന്ന പേരിൽ ഒരു ലഘുലേഖ അവർ വിതരണം ചെയ്തു. ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ, ബി ജെ പി നേതാക്കൾ മന്ത്രി സ്ഥാനങ്ങളെച്ചൊല്ലി ആഭ്യന്തര കലഹങ്ങളിൽ മുഴുകിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം തങ്ങൾക്ക് വാഗ്ദാനം നിറവേറ്റാൻ കഴിഞ്ഞില്ലെന്ന് അവകാശപ്പെട്ട്, നിറവേറ്റാത്ത വാഗ്ദാനങ്ങളുടെ ഉത്തരവാദിത്തം എ എ പിയുടെ മേൽ കെട്ടിവയ്ക്കുക എന്നതാണ് അവരുടെ തന്ത്രം. സ്വന്തം കൊള്ള മറച്ചുവെക്കാനും വാഗ്ദാനങ്ങൾ ലംഘിക്കുന്നതിനെ ന്യായീകരിക്കാനും അവർ ഈ ഒഴികഴിവ് ഉപയോഗിക്കാൻ ശ്രമിക്കും' അതിഷി ആരോപിച്ചു.
'പ്രത്യേകിച്ചും, ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ നൽകുമെന്ന വാഗ്ദാനം അവർ നിറവേറ്റണം, ഈ വാഗ്ദാനം അവരുടെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പാസാക്കുകയും മാർച്ച് 8 നകം ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യുകയും വേണം' മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications