സൌജന്യ കൊവിഡ് വാക്സിനും കൊവിഡ് പരിശോധനയും; ടാബും കമ്പ്യൂട്ടറും നൽകുമെന്ന് ബിജെപി, ഹൈദബാദ് പിടിക്കാൻ പാർട്ടി!!
ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ബിജെപി. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയതിന് പിന്നാലെ ഹൈദബാദിലും വേരുറപ്പിക്കാമെന്ന ലക്ഷ്യവുമായാണ് ബിജെപി അങ്കട്ടിലേക്കിറങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പുറമേ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയും ഹൈദരാബാദിലേക്കെത്തും.

വാഗ്ധാനങ്ങൾ
സൌജന്യ കൊവിഡ് വാക്സിൻ, എല്ലാവർക്കും കൊവിഡ് പരിശോധന, സൌജന്യ വെള്ളം, സൌജന്യമായി വൈദ്യൂതിയും ടാബ് ലറ്റും കമ്പ്യൂട്ടറുകളും ലഭ്യമാക്കുമെന്നാണ് പ്രകടനപത്രികയിൽ ബിജെപി മുന്നോട്ടുവെക്കുന്ന വാഗ്ധാനങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് എന്നിവയും ബിജെപിയുടെ പ്രകട പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് പ്രകടനപത്രികയുടെ പ്രകാശനം നിർവ്വഹിച്ചത്.

സർക്കാരിന് പഴി
തെലങ്കാനയിൽ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ എങ്ങനെയാണ് സ്വകാര്യ ആശുപത്രികളിൽ പോകുന്നത്. എങ്ങനെയാണ് ജനങ്ങൾ ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുന്നത്. വാക്സിന് വേണ്ടി ആരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് കോർപ്പറേഷനാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഫഡ്നാവിസ് വ്യക്തമാക്കി. ജനസംഖ്യയെ അടിസ്ഥാനമാക്കി ഗ്രേറ്റർ ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ ആരംഭിക്കുമെന്നും ബിജെപി വാഗ്ധാനം ചെയ്യുന്നു.

വികസന പ്രവർത്തനങ്ങൾ
മുസി നദിയുടെ പുനരുജ്ജീവനവും കേന്ദ്രഫണ്ട് ഉപയോഗിച്ച് നദീ തീരങ്ങളിൽ വികസനം കൊണ്ടുവരുമെന്നും നല്ലകളും ടാങ്കുകളും സ്വതന്ത്രമാക്കുമെന്നും തിരഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു. തുറന്ന നല്ലകളുടേയും അഴുക്കുചാലുകളുടേയും വികനസത്തിനായി ബജറ്റിൽ 10,000 രൂപ വകയിരുത്തുമെന്നും ബിജെപി ഉറപ്പുനൽകുന്നു.
എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനായി സുമേധ ആക്ട് പ്രാബല്യത്തിൽ വരുത്തുമെന്നും പാർട്ടി ഉറപ്പുനൽകുന്നു. തുറന്ന ഓടയിൽ വീണ് മരിച്ച പത്ത് വയസ്സുകാരിയാണ് സുമേധ.

വോട്ട്ബാങ്കിന് മാത്രം
ഹൈദരാബാദിൽ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് വലിയ തോതിലുള്ള കയ്യേറ്റങ്ങൾ അനുവദിക്കുന്നത്. ഹൈദരാബാദിൽ വെള്ളപ്പൊക്കമുണ്ടാകുന്നത് മഴ കൊണ്ടല്ല. മറിച്ച് മുനിസിപ്പൽ കോർപ്പറേഷന്റെ നയങ്ങൾല മൂലമാണ്. അവരാണ് കയ്യേറ്റങ്ങളെ പ്രോത്സാഹിക്കുന്നതെന്നും ഫഡ്നാവിസ് ആരോപിക്കുന്നു. ഗ്രേറ്റർ ഹൈദരാബാദിലുള്ള വെള്ളപ്പൊക്ക ബാധിത കുടുംബങ്ങൾക്ക് 25,000 രൂപ വീതം ബാങ്ക് അക്കൌണ്ടിലേക്ക് നൽകും. ഇതിനകം നഷ്ടപരിഹാരം ലഭിച്ചവർക്ക് 15000 രൂപ കൂടി ലഭിക്കും.

ഒരു ലക്ഷം പേർക്ക് വീടുകൾ
പാവപ്പെട്ടവർക്ക് പ്രധാൻമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഒരു ലക്ഷം പേർക്ക് നിർമിച്ചു നൽകുമെന്നതും വാഗ്ധാനങ്ങളിലൊന്നാണ്. മാസത്തിൽ 100 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന എല്ലാ കുടുംബങ്ങൾക്കും സൌജന്യ വൈദ്യുതി ലഭ്യമാക്കുമെന്നും ഇതോടെ ഉറപ്പുനൽകിയിട്ടുണ്ട്. പ്രൊഫഷണൽ, പരമ്പരാഗത ജോലികൾ ചെയ്യുന്നവർക്ക് വായ്പയും നൽകും. എല്ലാ വീടുകളിലും പൈപ്പ് കണക്ഷനും സൌജന്യ കുടിവെള്ളവും എത്തിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.