ബിജെപിക്ക് വലിയ തിരിച്ചടിയില്ല! നിയമസഭയിൽ നഷ്ടപ്പെട്ടത് ഒരു സിറ്റിങ് സീറ്റ് മാത്രം...
യുപിയിലെ നൂർപൂർ നിയമസഭ സീറ്റ് നഷ്ടപ്പെട്ടത് മാത്രമാണ് ബിജെപിക്ക് ഉണ്ടായ നഷ്ടം.
ദില്ലി: രാജ്യത്തെ പത്ത് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാനായത് ഒരൊറ്റ സീറ്റിൽ മാത്രം. ബാക്കി ഒമ്പത് നിയമസഭ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടു. പക്ഷേ, പ്രതിപക്ഷ പാർട്ടികൾ ആഘോഷിക്കുന്നത് പോലെ ബിജെപിക്ക് അത്ര വലിയ നഷ്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യുപിയിലെ നൂർപൂർ നിയമസഭ സീറ്റ് നഷ്ടപ്പെട്ടത് മാത്രമാണ് ബിജെപിക്ക് ഉണ്ടായ നഷ്ടം.
ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് സീറ്റുകളിൽ രണ്ടെണ്ണം മാത്രമായിരുന്നു ബിജെപിയുടെ സിറ്റിങ് സീറ്റുകൾ. ഉത്തർപ്രദേശിലെ നൂർപൂരും ഉത്തരാഖണ്ഡിലെ തരാളിയും. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടന്ന പത്ത് മണ്ഡലങ്ങളിലും ബിജെപി വീറോടെ പോരാട്ടത്തിനിറങ്ങി. കേരളത്തിലെ ചെങ്ങന്നൂരിലടക്കം ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷ പുലർത്തുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബിജെപി വിജയിച്ചത് ഒരൊറ്റ സീറ്റിൽ മാത്രം. സിറ്റിങ് സീറ്റായിരുന്ന ഉത്തരാഖണ്ഡിലെ തരാളിയിലായിരുന്നു അത്. രണ്ടാമത്തെ സിറ്റിങ് സീറ്റായിരുന്ന നൂർപൂരിൽ സമാജ് വാദി പാർട്ടിയാണ് വിജയിച്ചത്.

പത്ത് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ പഞ്ചാബിലെ ഷാഹ്കോട്ട് മണ്ഡലത്തിലെ വിജയമാണ് കോൺഗ്രസിന്റെ നേട്ടം. അകാലിദളിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് കോൺഗ്രസ് വെന്നിക്കൊടി നാട്ടിയത്. അതേസമയം, മേഘാലയയിലെയും, മഹാരാഷ്ട്രയിലെയും സിറ്റിങ് സീറ്റുകൾ കോൺഗ്രസ് നിലനിർത്തുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ കോൺഗ്രസിന് ഒരു സീറ്റ് കൂടുതൽ കിട്ടിയെന്ന് പറയാം. എന്നാൽ ഇതിനെക്കാളേറെ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യമാണ് എടുത്തുപറയേണ്ടത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ പാർട്ടികളുടെ ഐക്യമുന്നണിയുടെ പരീക്ഷണമായിരുന്നു പല മണ്ഡലങ്ങളിലും കാണാനായത്.












Click it and Unblock the Notifications