തെലങ്കാന മാത്രമല്ല, 3 സംസ്ഥാനങ്ങളില്‍ കൂടി ഓപ്പറേഷന്‍ കമല; ജഡ്ജിമാര്‍ക്ക് തെളിവ് നല്‍കാന്‍ കെസിആര്‍
ഹൈദരാബാദ്: രാഷ്ട്രീയം നശിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് എന്ന് തെലങ്കാന മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ നീതിന്യായ വ്യവസ്ഥയും സമൂഹവും പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാനുള്ള ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം നാല് ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഹൈദരാബാദില്‍ അറസ്റ്റിലായ നാല് പേര്‍ തെലങ്കാനയിലേതുള്‍പ്പടെ നാല് സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നിവയാണ് ബി ജെ പി ലക്ഷ്യമിടുന്ന മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍.

സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഹീനമായ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നതായും കെ സി ആര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ മിണ്ടാതിരിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

'നമ്മളില്‍ ആരും ആയിരം വര്‍ഷം ജീവിക്കുന്നില്ല. രണ്ട് തവണ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എന്നാല്‍ നിങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ നിങ്ങളുടെ പേര് മോശമാക്കുകയാണ്. സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഈ ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ കൊണ്ട് എന്ത് നേട്ടമാണ് കൈവരിക്കാന്‍ പോകുന്നത്?', അദ്ദേഹം ചോദിച്ചു.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, എന്നിവയില്‍ ഇടപെടാനും നരേന്ദ്ര മോദിയോട് കെ സി ആര്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലും മഹാരാഷ്ട്രയിലും എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്ന് ഇടനിലക്കാര്‍ യാതൊരു ലജ്ജയുല്ലാതെ വിവരിക്കുന്നു. ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം എട്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടു.

ഇപ്പോള്‍ തെലങ്കാന, ആന്ധ്ര, രാജസ്ഥാന്‍, ദല്‍ഹി എന്നിവിടങ്ങളില്‍ ഈ പ്രക്രിയ തുടരുകയാണ് എന്നും കെ സി ആര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച രാമചന്ദ്രഭാരതി, സിംഹയാജി, നന്ദുകുമാര്‍ എന്നിവരെ സൈബരാബാദ് പൊലീസ് ഫാം ഹൗസില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാനായിരുന്നു ശ്രമം.

ഇവരുടെ രഹസ്യ ഓഡിയോ, വീഡിയോ റെക്കോര്‍ഡുകള്‍ അടക്കം പൊലീസ് തെലങ്കാന ഹൈക്കോടതിയില്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സ്ഫോടനാത്മകമായ വീഡിയോകളും അനുബന്ധ വിവരങ്ങളും രാജ്യത്തെ എല്ലാ ജഡ്ജിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി മേധാവികള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും അയച്ച് കൊടുക്കും എന്നും കെ സി ആര്‍ പറഞ്ഞു.












Click it and Unblock the Notifications