കര്‍ണാടകത്തില്‍ ബിജെപി ഒരുക്കുന്നത് വന്‍ സര്‍പ്രൈസ്'! ഇത്തവണ രണ്ട് ഘട്ടത്തില്‍.. ലക്ഷ്യം 15 പേര്‍
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ ബിജെപി സജീവമാക്കിയിരുന്നു. എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതാക്കളോട് നീക്കങ്ങളില്‍ നിന്ന് പിന്‍മാറാനായിരുന്നു ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. ഇതോടെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്തില്ലെന്നും സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം സര്‍ക്കാര്‍ താനെ താഴെവീഴുമെന്നുമുള്ള നിലപാടായിരുന്നു ബിജെപി സ്വീകരിച്ചത്.
എന്നാല്‍ ഭരണ കക്ഷിയിലെ രണ്ട് എംഎല്‍എമാര്‍ ഒരുമിച്ച് രാജിവെച്ചതോടെ ബിജെപിയുടെ വാദങ്ങള്‍ വെറും കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ട് ഘട്ടങ്ങളിലൂടെ ഓപ്പറേഷന്‍ താമര വിപുലമാക്കുമെന്നും ഉടന്‍ തന്നെ സര്‍ക്കാരിനെ താഴെയിറക്കുമെന്നും ബിജെപി നേതാക്കളും വെളിപ്പെടുത്തുന്നു.

ഓപ്പറേഷന്‍ ലോട്ടസ്
സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ കാരണം പ്രതിസന്ധി നേരിടുന്നതിനിടയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ചാണ് രണ്ട് എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചത്. ബെല്ലാരിയിലെ വിജയനഗറില്‍ നിന്നുള്ള അനന്ത് ബി സിംഗ്, വിമത എംഎല്‍എയായ രമേശ് ജാര്‍ഖിഹോളി എന്നിവരായിരുന്നു രാജിവെച്ചത്. ഇരുവരുടേയും രാജിക്ക് പിന്നാലെ കൂടുതല്‍ വിമത നേതാക്കള്‍ ഉടന്‍ തന്നെ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതിനിടെ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ വന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

വമ്പന്‍ സര്‍പ്രൈസ്
രണ്ട് ഘട്ടങ്ങളിലായാണ് എംഎല്‍എമാരെ അടര്‍ത്തുകയെന്ന് ബിജെപി നേതാവ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ചില എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം തുടരുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ഇവരെ രാജിവെയ്പ്പിക്കാനാണ് പദ്ധതി. ഇവരില്‍ പലരും നേരത്തേ രാജി വെയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും ഒരു എംഎല്‍എ രാജിവെച്ചാല്‍ പിറകെ രാജിവെക്കാം എന്ന നിലപാട് സ്വീകരിച്ചവരായിരുന്നു. അതേസമയം രണ്ടാം ഘട്ടത്തില്‍ ചില സര്‍പ്രൈസുകളാണ് പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിലേയും ജെഡിഎസിലേയും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിയില്‍ എത്തുമെന്നാണ് ഇവര്‍ പറയുന്നത്.

15 പേര്‍
അതേസമയം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും തമ്മില്‍ വലിയ കാലതാമസം ഉണ്ടാകില്ലെന്നും നേതാവ് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ താഴെ വീഴുമെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ നേരത്തേ പറഞ്ഞത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എന്ന് ബിജെപി അധികാരത്തില്‍ ഏറുമെന്ന കാര്യം നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം അടുത്ത ആഴ്ച അവസാനത്തോടെ എംഎല്‍എമാരെ കൂട്ടത്തോടെ അടര്‍ത്തിയെടുക്കുമെന്നും സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 15 എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കുകയാണ് ലക്ഷ്യം. 225 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങള്‍ ഉണ്ട്.

ദേശീയ നേതൃത്വം
ഇത്തവണ ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ കൂടി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയ്ക്കും അദ്ദേഹത്തിന്‍റെ അടുപ്പക്കാര്‍ക്കും മാത്രമേ ഓപ്പറേഷന്‍ താമരയെ കുറിച്ച് കൂടുതലായി അറിവുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞു.

പരിഹസിച്ച് യെഡ്ഡി
അതേസമയം ഓപ്പറേഷന്‍ താമരയെ നേരിടാന്‍ കോണ്‍ഗ്രസ് മറുതന്ത്രം പയറ്റുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ ബിഎസ് യെദ്യൂരപ്പ പരിഹസിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയാല്‍ ബിജെപിയുടെ അഞ്ച് എംഎല്‍എമാരെ ഭരണപക്ഷത്ത് എത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളിച്ചത്. കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കപ്പലാണെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആരും തന്നെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ധൈര്യം കാണിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.












Click it and Unblock the Notifications