മഹാരാഷ്ട്രയില്‍ എല്ലാം പിഴച്ചു; മുഖം രക്ഷിക്കാന്‍ ബിജെപി! ഗവര്‍ണറെ മാറ്റും
മുംബൈ: മഹാരാഷ്ട്രയില്‍ തന്ത്രങ്ങളെല്ലാം പിഴച്ച പിന്നാലെ മുഖം രക്ഷിക്കാനുള്ള നീക്കവുമായി ബിജെപി. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ മാറ്റി പുതിയ ഗവര്‍ണറെ നിയമിക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറാന്‍ കോഷിയാരിയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാന്‍ ഗവര്‍ണര്‍ കാളിരാജ് മിശ്രയെ നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിസഭയിലും ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷനായും പ്രവര്‍ത്തിച്ച വ്യക്തിയാണ് കാളിരാജ് മിശ്ര. സപ്തംബര്‍ 9 നാണ് മിശ്ര രാജസ്ഥാന്‍ ഗവര്‍ണര്‍ ആയി നിയമിതനായത്. നേരത്തേ ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായിരുന്നു.
ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയാണ് നിലിവെ ഗവര്‍ണറായ കോഷിയാരി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നാവിസിനെ അനുവദിച്ച ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാറിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഫഡ്നാവിസിനെ ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ബിജെപിയുടെ ഏജന്‍റിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
ആര്‍എസ്എസ് മേലാങ്കി അഴിച്ച് വെച്ച് പെരുമാറാന്‍ ഗവര്‍ണര്‍ തയ്യാറാകാണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഗവര്‍ണറെ മാറ്റാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിക്കാനും കോണ്‍ഗ്രസ് ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ട്. ഇതിനിടയിലാണ് ഗവര്‍ണറെ മാറ്റാനുള്ള ബിജെപിയുടെ നീക്കം.
അതേസമയം മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വിവാദമായ പശ്ചാത്തലത്തില്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ കോഷിയാരിയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഉദ്ധവ് താക്കറെ സര്‍ക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കും മുന്‍പ് തന്നെ പുതിയ ഗവര്‍ണറെ നിയമിക്കണമെന്ന ആവശ്യവും കോഷിയാരി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 28 നാണ് മഹരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.












Click it and Unblock the Notifications