ഉത്തര്‍പ്രദേശില്‍ രാമക്ഷേത്രം 'കത്തിക്കാന്‍' ബിജെപി, ചെലവിടുന്നത് 750 കോടി
അയോധ്യയിലേക്കെത്തുന്ന രീതിയില്‍ 275 കിലോമീറ്റര്‍ രണ്ടുവരി റോഡ് നിര്‍മാണം ഗഡ്കരി ബുധനാഴ്ച പ്രഖ്യാപിക്കും. ഹിന്ദുവോട്ടുകള്‍ പെട്ടിയിലാക്കുകയാണ് ബിജെപി ശ്രമമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ രാമക്ഷേത്ര വിവാദത്തിന് തിരികൊളുത്താന്‍ ബിജെപി വീണ്ടും വഴിയുണ്ടാക്കുന്നു. ഹിന്ദു പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് വരി പാത നിര്‍മിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം. ഈ പാതയുടെ അവസാനം അയോധ്യയിലേക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏത് സമയവും യുപി ഇലക്ഷന്‍ പ്രഖ്യാപിക്കുമെന്നിരിക്കെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നാളെ സംസ്ഥാനത്തെത്തും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നാല്‍ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കാനാവില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് ബുധനാഴ്ച ഗഡ്കരി എത്തുന്നത്. ആറ് റോഡ് പദ്ധതികള്‍ ഗഡ്കരിയുടെ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നേരത്തെ 4094 കോടിയുടെ റോഡ് പദ്ധതികള്‍ സംസ്ഥാനത്ത് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

750 കോടി ചെലവിട്ട് 275 കിലോമീറ്റര്‍ രണ്ട് വരി പാത നിര്‍മിക്കുന്നതാണ് കേന്ദ്രപദ്ധതികളില്‍ പ്രധാനം. ബസ്തി, ഗോരഖ്പൂര്‍, ബല്‍റാംപൂര്‍, ശ്രവാസ്തി, ബഹ്‌റയ്ച്ച്, ഫൈസാബാദ് ജില്ലകളിലെ പ്രധാന ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് രണ്ടുവരി പാത വരുന്നത്.രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നാണ് ഇതുവരെ ബിജെപി നേതാക്കള്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ തീവ്രഹിന്ദു ചിന്താഗതിക്കാരെ പ്രീതിപ്പെടുത്തി വോട്ട് നേടാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് ഹിന്ദു തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന പാതയാണിതെന്നു ബിജെപി പറയുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അയോധ്യ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കലും ബിജെപിയുടെ ലക്ഷ്യമാണ്.

1991 മുതല്‍ ബിജെപിയുടെ സ്ഥിരം മണ്ഡലമാണ് അയോധ്യ. 2012ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയാണ് ഇവിടെ നിന്ന് ജയിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ വന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലല്ലു സിങ് ആണ് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ജയം നേടിയത്.

ശേഷം നിലനില്‍ക്കുന്ന അനുകൂല തരംഗം പിടിച്ചുനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പുതിയ റോഡ് പ്രഖ്യാപനം കൂടി വരുന്നതോടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് നേടാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍ അയോധ്യക്ക് ചുറ്റുമുള്ള അടിസ്ഥാനസൗകര്യ വികസന കാര്യത്തില്‍ പാര്‍ട്ടി വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുമ്പ് അയോധ്യയിലേക്കെത്തുന്ന എല്ലാ വഴികളും വികസിപ്പിക്കുമെന്ന് ലല്ലു സിങ് കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications