മണിപ്പൂരിലെത്തിയ രാഹുലിന് സംസ്ഥാന ബിജെപിയുടെ പ്രശംസ; 'ഫോട്ടോ പോസിന്' വന്നതെന്ന് ദേശീയ നേതൃത്വം
ഇംഫാല്‍: മണിപ്പൂരില കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ശാരദ ദേവി. നേരത്തെ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ ബി ജെ പി രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തത്. ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ മണിപ്പൂരില്‍ എത്തിയതെന്നാണ് ബി ജെ പി ദേശീയ നേതാക്കൾ അടക്കം കുറ്റപ്പെടുത്തിയത്.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ തന്നെ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 'ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ അഭിനന്ദിക്കുന്നു. എന്നിരുന്നാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കണം. ഈ പ്രശ്‌നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്'- ശാരദ ദേവി എ എന്‍ ഐയോട് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്. ഗവര്‍ണര്‍ അനുസൂയ യുകെയെ കണ്ട അദ്ദേഹം മണിപ്പൂരിന് സമാധാനം ആവശ്യമാണെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും പറഞ്ഞിരുന്നു.
'മണിപ്പൂരിന് സമാധാനം ആവശ്യമാണ്. ഇവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. ചില ദുരിതാശ്വാസ ക്യാമ്പുകളില്‍ പോരായ്മകളുണ്ട്, സര്‍ക്കാര്‍ ഇത് പരിഹരിക്കണം. സംസ്ഥാനത്തിന്റെ സമാധാനത്തിനായി കഴിയുന്നതെല്ലാം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ രാജിയെ കുറിച്ച് പ്രതികരിച്ച ശാരദ ദേവി, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നും പറഞ്ഞു. 'ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുള്ളത് കൊണ്ടാണ് പിന്തുണയുമായി അവര്‍ രംഗത്തെത്തുന്നത്. ഇത്തവണ പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ കൈവിട്ടുപോകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ബീരേന്‍ സിംഗിന്റെ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്'- ശാരദ ദേവി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. ഒരു സമൂഹത്തിലെ ദീര്‍ഘകാല പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന് പകരം ആളുകള്‍ ദുരിതമനുഭവിക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇതിനിടെ, മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. നമ്മള്‍ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂര്‍ ജനതയുടെ ദുരിതമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പറയാനുള്ളത് കദനകഥകളാണ്. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവര്‍, രക്ഷകര്‍ത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇല്ലാത്തതിനാല്‍ കലാപ ബാധിത മണിപ്പൂരിന്റെ യഥാര്‍ത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാര്‍ജിക്കാനും രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പൂരിലേക്ക് രാഹുല്‍ ഗാന്ധി സ്‌നേഹത്തോടെ വരവേറ്റതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications