ദില്ലി: തിരഞ്ഞെടുപ്പിന് ബിജെപി തയ്യാര്‍
ദില്ലി: അനിശ്ചിതത്വം മാറാത്ത ദില്ലിയില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിന് തയ്യാറെന്ന് ഭാരതീയ ജനതാ പാര്‍ട്ടി. ദില്ലിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നേടിയ കനത്ത വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി തയ്യാറാകുന്നത്. ദില്ലിയിലും 32 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി ജെ പി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടി ഒരു പക്ഷേ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യത കാണുന്നുണ്ട്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും എ എ പി ഇക്കാര്യത്തില്‍ ഒരു ഉറച്ച തീരുമാനം ഇവിയും എടുത്തിട്ടില്ല.

ഭരണം വേണോ എന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാനാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം. ജനഹിതം മറിച്ചാവുകയാണെങ്കില്‍ ദില്ലിയില്‍ രാഷ്ട്രപതിഭരണമാണ് അടുത്ത സാധ്യത. ഈ സാഹചര്യത്തിലാണ് ബി ജെ പി തിരഞ്ഞെടുപ്പിന് തയ്യാറാണ് എന്ന പ്രഖ്യാപനവുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയല്‍ രംഗത്തുവന്നത്.
ആം ആദ്മി പാര്‍ട്ടി മറ്റൊരു തിരഞ്ഞെടുപ്പിനായി ദില്ലിയെ നിര്‍ബന്ധിക്കുകയാണ്. അവരുടെ ഉദാസീനതയാണ് ഈ പ്രതിസന്ധിക്ക് കാരണം. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും ഭരിക്കാതെ മാറിനില്‍ക്കുകയാണ് ആം ആദ്മി പാര്‍ട്ടി - ഗോയല്‍ കുറ്റപ്പെടുത്തി. 70 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 32 ഉം എ എ പിക്ക് 28 ഉം കോണ്‍ഗ്രസിന് 8 ഉം അംഗങ്ങളാണ് ഉള്ളത്.












Click it and Unblock the Notifications