കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ റെയ്ഡ്, നോട്ടെണ്ണല്‍ മെഷീനുകള്‍ വീണ്ടും എത്തിച്ചു; പരിഹസിച്ച് ബിജെപി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം പിയുടെ പക്കല്‍ നിന്ന് 300 കോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ പരിഹാസശരങ്ങളുമായി ബി ജെ പി. 2022 ല്‍ ധീരജ് സാഹു എക്‌സില്‍ പങ്ക് വെച്ച ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് ബി ജെ പിയുടെ പരിഹാസം. കള്ളപ്പണത്തെ സംബന്ധിച്ചായിരുന്നു ധീരജ് സാഹു ട്വീറ്റ് പങ്ക് വെച്ചത്. ഇതിനെ പരിഹസിച്ച് കൊണ്ട് ബി ജെ പി ഐ ടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് രംഗത്തെത്തിയിരിക്കുന്നത്.
'നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷവും രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോള്‍ എന്റെ ഹൃദയം സങ്കടപ്പെടുന്നു. ആളുകളില്‍ എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണ്,' എന്നായിരുന്നു ധീരജ് സാഹു 2022 ല്‍ ട്വീറ്റ് ചെയ്തിരുന്നത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് അഴിമതി കി ദുകാന്‍ എന്ന ഹാഷ്ടാഗോടെ ധീരജ് സാഹുവിന് നല്ല നര്‍മ്മബോധം ഉണ്ട് എന്നായിരുന്നു അമിത് മാളവ്യ പറഞ്ഞത്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയുടെ ഓഫീസുകളിലും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 290 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു.
ഈ ഡിസ്റ്റിലറി ധീരജ് സാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ പറയുന്നത്. അതിനിടെ ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി റെയ്ഡ് ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ധീരജ് സാഹുവുമായി ബന്ധിപ്പിച്ചിട്ടുള്ള ബൗദ് ഡിസ്റ്റിലറീസ് പരിസരത്ത് ഇന്ന് കൂടുതല്‍ പണം എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചു.
നേരത്തെ ജാര്‍ഖണ്ഡിലെ എംപിയുടെ വസതികളില്‍ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണവേട്ടകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഡിസ്റ്റിലറി റെയ്ഡില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. അതിനിടെ ധീരജ് സാഹുവിനെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. എം പിയുടെ ബിസിനസുമായി ഒരു തരത്തിലും ബന്ധമില്ലെന്നും പണവും അതിന്റെ ഉറവിടവും എം പി തന്നെ വിശദീകരിക്കും എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'രാജ്യത്തെ ജനങ്ങള്‍ ഈ കറന്‍സി നോട്ടുകളുടെ കൂമ്പാരങ്ങളിലേക്ക് നോക്കണം, എന്നിട്ട് അവരുടെ നേതാക്കളുടെ സത്യസന്ധമായ 'പ്രസംഗങ്ങള്‍' കേള്‍ക്കണം. പൊതുജനങ്ങളില്‍ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നല്‍കേണ്ടിവരും. ഇതാണ് മോദിയുടെ ഉറപ്പ്,' മോദി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications