'ബിജെപി പണമൊഴുക്കിയും അന്യായ വഴികളിലൂടെയും നേടിയ വിജയം', പ്രതികരിച്ച് സിപിഎം പിബി
60 നിയമസഭാ സീറ്റുകളാണ് ത്രിപുരയിലുളളത്. 31 വിജയിക്കാൻ വേണ്ട കേവല ഭൂരിപക്ഷം

ദില്ലി: ത്രിപുരയിൽ ബിജെപി വിജയം നേടിയത് അന്യായ വഴികളിലൂടെ ആണെന്ന് ആരോപിച്ച് സിപിഎം. ത്രിപുരയിൽ കോൺഗ്രസുമായി ചേർന്ന് സഖ്യമായിട്ടാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. 14 സീറ്റുകളാണ് ഇടത് സഖ്യത്തിന് നേടാനായത്. അതിൽ 11 സീറ്റുകളിൽ സിപിഎമ്മും മൂന്നിൽ കോൺഗ്രസും വിജയിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 16 സീറ്റുകൾ ലഭിച്ചിരുന്നു. ഇക്കുറി 33 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി ത്രിപുരയിൽ അധികാര തുടർച്ച നേടിയത്.
വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ ഇടത് സഖ്യം ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ ബിജെപി ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. തിപ്ര മോത്ത കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. വലിയ തോതിൽ പണമൊഴുക്കിയ മറ്റ് അന്യായ വഴികളിലൂടെയുമാണ് ബിജെപിയുടെ വിജയമെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവന: അഭൂതപൂർവമായ അളവിൽ പണം ചെലവിട്ടും അന്യായമായ ഇതര മാർഗങ്ങൾ വഴിയുമാണ് ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച് ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയിൽ 2018ൽ 44 സീറ്റ് നേടിയ ബിജെപി സഖ്യത്തിന് ഇക്കുറി 11 സീറ്റ് കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട് ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.
വളരെയേറെക്കാലം സംസ്ഥാനത്ത് പൊതുപ്രവർത്തനത്തിന് സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷം അടിച്ചമർത്തലുകൾ നേരിട്ട് സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന് കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും.












Click it and Unblock the Notifications