നടി രാഗിണി ദ്വിവേദിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി: പ്രചാരണത്തിനെത്തിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന്
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ രണ്ട് ദിവസം മുമ്പാണ് കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലാകുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് നടിയെ അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ നടിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മണിക്കൂറുകൾ നീണ്ട റെയ്ഡും ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെയും വ്യാഴാഴ്ച രാത്രി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ആംബുലൻസ് ഡ്രൈവർ പെൺകുട്ടിയെ പീഡിപ്പിച്ചത് പിപിഇ കിറ്റ് ഊരിയ ശേഷം: പ്രതി കുറ്റം സമ്മതിച്ചു

ബിജെപിയുമായി ബന്ധമില്ലെന്ന്
ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ സിനിമാ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി കർണാടക ബിജെപി. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയ്ക്കായി പ്രചാരണം നടത്തിയ നടിയിൽ നിന്ന് അകലം പാലിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. മയക്കുമരുന്ന് റാക്കറ്റുമായി നടിയ്ക്കുള്ള ബന്ധം തെളിഞ്ഞതോടെ സെൻട്രൽ ബ്രാഞ്ചാണ് രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. നടി അറസ്റ്റിലായി രണ്ട് ദിവസത്തിന് ശേഷമാണ് ബിജെപിയുടെ പ്രതികരണം പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്
2019ലെ കർണാടക ഉപതിരഞ്ഞെടുപ്പിനിടെയാണ് രാഗിണി ദ്വിവേദി ബിജെപിയ്ക്ക് വേണ്ടി വീടുകൾ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനിറങ്ങിയത്. കെആർ പെട്ടെയിൽ നിന്ന് മത്സരിച്ച ബിജെപി എംഎൽഎ നാരായൺ ഗൌഡയ്ക്ക് വേണ്ടിയായിരുന്നു നടി പ്രചാരണത്തിനെത്തിയത്. 2019ലെ തിരഞ്ഞെടുപ്പിൽ നിരവധി താരങ്ങൾ ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. ഇവരിൽ ഒരാൾ മാത്രമായിരുന്നു രാഗിണിയെന്നാണ് ബിജെപി വക്താവ് ക്യാപ്റ്റൻ ഗണേഷ് കർണിക് വ്യക്തമാക്കിയത്. ഗൌഡ ഇപ്പോൾ കർണാടകത്തിൽ ഹോർട്ടികൾച്ചർ, മുനിസിപ്പിൽ അഡ്മിനിസ്ട്രേഷൻ, സെറികൾച്ചർ അഡ്മിനിസ്ട്രേഷൻ വകുപ്പ് മന്ത്രിയാണ്. ഇതിന് പുറമേ ഹുബ്ലി- ധർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ സ്വച്ഛ് ഭാരത് മിഷന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ് രാഗിണി ദ്വിവേദി.

ബിജെപിയിൽ ചേരാൻ ആഗ്രഹം
2019ൽ മാധ്യമങ്ങൾക്ക് അനുവദിച്ച ഇന്റർവ്യൂകളിലൂടെ തനിക്ക് ബിജെപിയിൽ ചേരാനുള്ള ആഗ്രഹം രാഗിണി ദ്വിവേദി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഗൌഡയ്ക്ക് വേണ്ടി ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയെങ്കിലും ബിജെപിയിൽ ചേരാനുള്ള നടിയുടെ ആഗ്രഹം മാത്രം പ്രാവർത്തികമായിരുന്നില്ല. നടി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ ബിജെപിയുടെ കർണാടക വൈസ് പ്രസിഡന്റ് വിജയേന്ദ്ര യെഡിയൂരപ്പയ്ക്കും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കും ഒപ്പമുള്ളതുമായ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിരവധി സിനിമാ താരങ്ങൾ കഴിഞ്ഞ വർഷങ്ങളിലെല്ലാം പാർട്ടിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെന്നും പാർട്ടി ആരുടെയും വ്യക്തി ജീവിതം പരിശോധിച്ചിട്ടില്ലെന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബിജെപി നേതാവിനെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

എന്തിന് വ്യക്തി ജീവിത്തെക്കുറിച്ച് അറിയണം?
എന്തിനാണ് പാർട്ടി അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നത്? അവരെങ്ങനെയാണ് അവരുടെ സ്വകാര്യത ചെലവഴിക്കുന്നത് എന്ന് എങ്ങനെയാണ് ഒരാൾക്ക് അറിയാൻ കഴിയുക? മറ്റു പലരെയും പോലെ അവരും ഒരു പ്രമുഖ നടിയാണ്. അവർ ഞങ്ങളുടെ നിരവധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഒന്നിൽ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. ബിജെപി നേതാവ് പറയുന്നു. ചിലർ വരുന്നത് ജനങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ചിലർക്ക് പണം നൽകാറുണ്ട്. രാഗിണി എങ്ങനെ വന്നുവെന്ന് അറിയില്ലെന്നാണ് മറ്റൊകരു ബിജെപി നേതാവിന്റെ പ്രതികരണം.

വീട്ടിൽ റെയ്ഡ്
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നടിയുടെ ബെംഗളൂരുവിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടിയ്ക്ക് വ്യാഴാഴ്ച ക്രൈം ബ്രാഞ്ച് നൽകിയിരുന്നുവെങ്കിലും ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകരെ അയയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വെള്ളിയാഴ്ച തന്നെ ഹാജാരാകാൻ പോലീസ് നിർദേശിക്കുകയായിരുന്നു. മണിക്കൂറൂളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടിയെ അറസ്റ്റ് ചെയ്തത്.

ആരാണ് രാഗിണി ദ്വിവേദി?
2009ൽ കന്നഡ ചിത്രമായ വീര മഡകാരി എന്ന സിനിമയിലൂടെയാണ് കിച്ചാ സുദീപിനൊപ്പം രാഗിണി ദ്വിവേദി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് രാഗിണി 2008ൽ ഫെമിന മിസ് ഇന്ത്യയിൽ റണ്ണർ അപ്പ് ആയിരുന്നിട്ടുണ്ട്. മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യ സാച്ചി മുഖർജി, എന്നിവർക്കെല്ലാം രാഗിണി മോഡലായും ഇരുന്നിട്ടുണ്ട്. ബെംഗളൂരുവിൽ ജനിച്ച് വളർന്ന രാഗിണി ചില അവാർഡുകളും ഇതിനിടെ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ കെംപഗൌഡ എന്ന ചിത്രം സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.