എന്‍സിപിയുമായി സഖ്യത്തിനില്ലെന്ന് ബിജെപി
ദില്ലി: എന്‍ സി പിയുമായി ഒരു തരത്തിലുള്ള സഖ്യവുമില്ലെന്ന് ഭാരതീയ ജനതാ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകളെ ബി ജെ പി നിഷേധിച്ചു. തന്റെ അറിവില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ല. മറിച്ചുള്ള റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണ് - ബി ജെ പി പ്രസിഡണ്ട് രാജ്‌നാഥ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍ സി പിയുമായി ബി ജെ പി സഖ്യശ്രമങ്ങള്‍ നടത്തുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിട്ടുമില്ല - ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനുവരി 17ന് ശരദ് പവാറും നരേന്ദ്രമോഡിയും ദില്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് ശരദ് പവാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച എന്‍ സി പി ബി ജെ പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ശ്രമിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിയെ എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍ ന്യായീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ സീറ്റുകളെ ചൊല്ലി കോണ്‍ഗ്രസും എന്‍ സി പിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട് എന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെയാണ് മോഡി - പവാര്‍ കൂടിക്കാഴ്ചയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.












Click it and Unblock the Notifications