ത്രിപുരയില്‍ വീണ്ടും ബിജെപി പടയോട്ടം; 97 ശതമാനം സീറ്റിലും വിജയം, പക്ഷെ പ്രതിപക്ഷത്തിന് പറയാനുണ്ട്
അഗർത്തല: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ആവർത്തിച്ച് ഭരണ കക്ഷിയായ ബി ജെ പി. പ്രധാന എതിരാളികളായ ഇടതുപക്ഷത്തേയും കോണ്‍ഗ്രസിനേയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ബി ജെ പിയുടെ മുന്നേറ്റം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 97 ശതമാനം സീറ്റുകളും ബി ജെ പി തൂത്തുവാരി. ഗ്രാമപഞ്ചായത്തുകളിലെയും പഞ്ചായത്ത് സമിതികളിലെയും ജില്ലാ പരിഷത്തുകളിലെയും 71 ശതമാനം സീറ്റുകളിലും എതിരില്ലാതെ നേരത്തെ തന്നെ ബി ജെ പി നേടിയിരുന്നു.
ശേഷിക്കുന്ന 29 ശതമാനം സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആഗസ്ത് എട്ടിനായിരുന്നു നടന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയാകുകയും ചെയ്തു. 606 ഗ്രാമപഞ്ചായത്തുകളിൽ 584ഉം 35 പഞ്ചായത്ത് സമിതികളിൽ 34ഉം എട്ട് ജില്ലാ പരിഷത്തുകളിൽ എട്ടും ബി ജെ പി സ്വന്തമാക്കി. എട്ട് ജില്ലാ പരിഷത്തുകളിൽ മത്സരിച്ച 96 സീറ്റുകളിൽ 93 സീറ്റുകളും ബി ജെ പി നേടിയപ്പോള്‍ കോൺഗ്രസിന് കേവലം രണ്ട് സീറ്റിലും സി പി എമ്മിന് ഒരു സീറ്റിലുമാണ് വിജയിക്കാന്‍ സാധിച്ചത്.

പഞ്ചായത്ത് സമിതികളുടെ കാര്യത്തിൽ, വോട്ടെടുപ്പ് നടന്ന മൊത്തം 188 സീറ്റുകളിൽ 173ലും ഭരണ കക്ഷി വിജയക്കൊടി പാറിച്ചു. സി പി ഐ എമ്മും കോൺഗ്രസും യഥാക്രമം ആറ്, എട്ട് സീറ്റുകൾ നേടി. 1819 ഗ്രാമപഞ്ചായത്തുകളിൽ മത്സരിച്ച ബി ജെ പി 1476 വിജയിച്ചപ്പോള്‍ സി പി ഐ എം, കോൺഗ്രസ്, തിപ്ര മോത എന്നിവർക്ക് യഥാക്രമം 148, 151, 24 സീറ്റുകളാണ് സ്വന്തമാക്കാനായത്.
വിജയത്തില്‍ ബി ജെപി വന്‍ ആഘോഷം നടത്തിയപ്പോള്‍ 71 ശതമാനം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ സാധിക്കാതിരുന്നത് ഭരണകക്ഷിയുടെ അക്രമണം കാരണമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. അതേസമയം, ബി ജെ പിക്ക് ചരിത്ര വിജയം നൽകി അനുഗ്രഹിച്ചതിന് ത്രിപുരയിലെ ജനങ്ങൾക്ക് നന്ദി അർപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത് വന്നു. ഇത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പിയുടെ ശരാശരി വിജയമാർജിൻ 97 ശതമാനമാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ റജിബ് ഭട്ടാചാര്യയും വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷ പാർട്ടികൾക്ക് സ്ഥാനാർത്ഥികളെ നിർത്താൻ കഴിഞ്ഞ ഇടങ്ങളിൽ ബി ജെ പിക്കെതിരെ കടുത്ത പോരാട്ടം നടത്താന്‍ സാധിച്ചതിനാല്‍ തിരഞ്ഞെടുപ്പ് വിധി ഭരണ പക്ഷത്തിനുള്ള "മുന്നറിയിപ്പ്" എന്നാണ് പ്രതിപക്ഷമായ സി പി ഐ എം വിമർശിക്കുന്നത്.
"സൗത്ത് ത്രിപുര ജില്ലയിലെ രാജ്‌നഗറിൽ ജില്ലാ പരിഷത്തിലെ ഒരു സി പി ഐ എം സ്ഥാനാർത്ഥിയെ ഭരണകക്ഷിയുടെ ഗുണ്ടകൾ കൊലപ്പെടുത്തി. 71 ശതമാനം സീറ്റുകൾ നേടിയിട്ടും തെരഞ്ഞെടുപ്പിലും വോട്ടെണ്ണൽ പ്രക്രിയയിലും ഭരണകക്ഷി പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തി," ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി പറഞ്ഞു.












Click it and Unblock the Notifications