ബിജെപിക്ക് പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; ആരാണ് നിതിന്‍ നബിന്‍, കരുത്തനായ ബിഹാര്‍ മന്ത്രി
ന്യൂഡല്‍ഹി: ബിഹാറിലെ റോഡ് വികസന മന്ത്രി നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്. ബിജെപി പാര്‍ലമെന്റിറി ബോര്‍ഡ് ആണ് നിതിന്‍ നബിനെ പുതിയ ചുമതല ഏല്‍പ്പിച്ചത്. ദേശീയതലത്തില്‍ വന്‍ അഴിച്ചുപണിക്ക് ബിജെപി ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ നിയമനം.
നിലവിലെ ദേശീയ പ്രസിഡന്റ് ജെപി നദ്ദ കാലാവധി കഴിഞ്ഞിട്ടും പദവിയില്‍ തുടരുകയാണ്. 2020 ജനുവരിയിലാണ് ജെപി നദ്ദ ബിജെപിയുടെ ദേശീയ പ്രസിഡന്റായത്. ഒന്നിലധികം തവണ ഇദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു സമയം നീട്ടി നല്‍കിയത്.

മുതിര്‍ന്ന ബിജെപി നേതാവ് ആയിരുന്ന നബിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മകനാണ് നിതിന്‍ നബിന്‍. ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിതാവിന്റെ മരണത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് സജീവമായത്. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലായിരുന്നു ജനനവും പ്രാഥമിക വിദ്യാഭ്യാസവുമെല്ലാം.
പട്‌നയിലെ ബാന്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് തുടര്‍ച്ചയായി ജയിച്ചിരുന്നത്. ബിഹാറിലെ ബിജെപിയുടെ ശക്തനായ നേതാക്കളില്‍ ഒരാളാണ്. 2006 മുതല്‍ തുടര്‍ച്ചയായി ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരാളിയെ 51000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് നിതിന്‍ നബിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.
അമിത് ഷാ, ജെപി നദ്ദ, നിതിന്‍ നബിന്‍
കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ്. ഈ വേളയിലാണ് പുതിയ ദേശീയ അധ്യക്ഷനെ ബിജെപി നിയമിച്ചിരിക്കുന്നത്. നദ്ദയില്‍ നിന്ന് പുതിയ ദൗത്യം നബിന്‍ ഏറ്റെടുക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ സ്ഥിരം അധ്യക്ഷനായി നിതിന്‍ നബിന്‍ തുടര്‍ന്നേക്കും.
ജെപി നദ്ദയ്ക്ക് മുമ്പ് അമിത് ഷാ ആയിരുന്നു ബിജെപിയുടെ ദേശീയ അധ്യക്ഷന്‍. 2019ല്‍ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയായ വേളയിലാണ് ജെപി നദ്ദയെ ആക്ടിങ് പ്രസിഡന്റാക്കിയത്. 2020 ജനുവരിയില്‍ ജെപി നന്ദ സമ്പൂര്‍ണ ചുമതലയുള്ള ദേശീയ പ്രസിഡന്റാകുകയും ചെയ്തു. നദ്ദ നിലവില്‍ കേന്ദ്ര ആരോഗ്യ മന്ത്രി കൂടിയാണ്. 2024ല്‍ കാലാവധി പൂര്‍ത്തിയായിട്ടും നദ്ദ പദവിയില്‍ തുടരുകയായിരുന്നു. ഈ വേളയിലാണ് നിതിന്‍ നബിന്റെ നിയമനം.
ബിജെപിയുടെ ദേശീയ കൗണ്‍സിലിലെയും സംസ്ഥാന കൗണ്‍സിലിലെയും അംഗങ്ങള്‍ ചേര്‍ന്നാണ് ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. അതിന് മുമ്പ് മണ്ഡലം, ജില്ലാ, സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുക്കും. സംസ്ഥാനങ്ങളാണ് ദേശീയ അധ്യക്ഷന്റെ പേര് നിര്‍ദേശിക്കുക. ഒന്നിലധികം പേരുകള്‍ നിര്‍ദേശിക്കപ്പെട്ടാല്‍ വിശദമായ ചര്‍ച്ചകളിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തും.












Click it and Unblock the Notifications