35 സീറ്റ് പിടിക്കുമെന്ന് ബിജെപി; അമിത് ഷായുടെ പ്രത്യേക നിര്‍ദേശം, റെക്കോര്‍ഡ് നേട്ടം ലക്ഷ്യം
പട്‌ന: ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ബിജെപി നേരത്തെ ഒരുങ്ങുന്നു. നിതീഷ് കുമാര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഭരണം നഷ്ടമായ വേളയിലാണ് ബിജെപിയുടെ കാലേകൂട്ടിയുള്ള ഒരുക്കം. മറ്റു പാര്‍ട്ടികളെ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയാണ് ബിഹാറിലെ ബിജെപിക്ക്. എല്ലാ പാര്‍ട്ടികളും ഒരുപക്ഷത്തേക്ക് മാറിയ സാഹചര്യത്തില്‍ ബിജെപി ലക്ഷ്യം കാണുമോ എന്ന കാര്യം സംശയമാണ്. 35 സീറ്റ് പിടിക്കാനാണ് അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒഴികെ 39 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ജെഡിയു പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഇനി തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ഭരണം നഷ്ടമായ പിന്നാലെ ഡല്‍ഹിയില്‍ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ബിഹാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം ചേര്‍ന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്‌സ്വാള്‍, ബിഎല്‍ സന്തോഷ്, രവിശങ്കര്‍ പ്രസാദ്, ഷാനവാസ് ഹുസൈന്‍, മംഗള്‍ പാണ്ഡേ, ജനക് റാം, നന്ദ കിഷോര്‍ യാദവ് തുടങ്ങി പ്രധാന നേതാക്കളെല്ലാം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. ഈ യോഗമാണ് അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ 35 സീറ്റ് നേടാന്‍ ബിജെപിക്ക് സാധിക്കണമെന്ന തീരുമാനം എടുത്തത്.
40 ലോക്‌സഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. 2019ല്‍ 39 സീറ്റും എന്‍ഡിഎക്കാണ് കിട്ടിയത്. ഇത് കേന്ദ്രത്തില്‍ മോദിക്ക് തുടര്‍ഭരണം ലഭിക്കാന്‍ ഏറെ സഹായിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജെഡിയു എന്‍ഡിഎയില്‍ ഇല്ല. 2019ല്‍ കൂടുതല്‍ സീറ്റ് നേടിയത് ബിജെപിയാണ്. 17 സീറ്റുകള്‍ ബിജെപിക്ക് കിട്ടി. 16 സീറ്റുകള്‍ ജെഡിയു പിടിച്ചു. എല്‍ജെപിക്ക് ആറ് സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടി.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമാണ് ബിജെപിയെ സഹായിച്ചത് എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ ശിവസേനയെ പിളര്‍ത്തിയ പോലെ ബിജെപി ബിഹാറിലും കളിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് നിതീഷ് കുമാര്‍ തിടുക്കത്തില്‍ കളംമാറ്റിയത്. ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇപ്പോള്‍ ബിഹാര്‍ ഭരിക്കുന്നത്. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയായി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും. ആര്‍ജെഡിക്ക് 16 മന്ത്രിമാരും ജെഡിയുവിന് 11 മന്ത്രിമാരുമാണ് പുതിയ മന്ത്രിസഭയിലുള്ളത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരുണ്ട്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരു മന്ത്രി പദവിയും കിട്ടി. സ്വതന്ത്ര എംഎല്‍എ സുമിത് കുമാര്‍ സിങിനെയും മന്ത്രിസഭയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications