ഹരിയാനയിൽ വജ്രായുധം പുറത്തെടുക്കാൻ ബിജെപി; മിഷൻ 75, തുടക്കത്തിലെ പാളി കോൺഗ്രസ് തന്ത്രം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും കഴിഞ്ഞ വർഷം അവസാനത്തോട് കൂടി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ അധികാരം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന ഭരണം പിടിക്കാൻ ശ്രദ്ധയോടെ കരുക്കൾ നീക്കി തുടങ്ങിയിരിക്കുകയാണ് ബിജെപി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മിന്നും വിജയം നേടിയ സംസ്ഥാനമാണ് ഹരിയാന. ആകെയുള്ള 10 സീറ്റുകളിലും വൻ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസിലെ ഉൾപ്പോരുകളും നിശ്ചലമായ സംഘടനാ സംവിധാനങ്ങളുമെല്ലാം ബിജെപിക്ക് ഗുണം ചെയ്തു. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിവും തിളക്കമാർന്ന വിജയം ആവർത്തിക്കാൻ വജ്രായുധം പുറത്തെടുക്കാനൊരുങ്ങുകയാണ് ബിജെപി.

മികച്ച വിജയം
നിലവിൽ മനോഹർലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഭരണം പിടിക്കുക മാത്രമാണ് പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനം അവരെ തിരസ്കരിച്ച് കഴിഞ്ഞു, ബിജെപിയുടെ മിഷൻ 75 ഫലം കാണുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനായി അമിത് ഷാ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചിരുന്നു.

ഹരിയാനയിൽ തിരഞ്ഞെടുപ്പ്
ഒക്ടോബറിലാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 90 അംഗ നിയമസഭയിൽ 75 സീറ്റുകളാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ 48 അംഗങ്ങളാണ് ഹരിയാന നിയമസഭയിൽ ബിജെപിക്കുള്ളത്. ഈ വർഷം ജിന്ദ് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസും, ബിജെപിയും ഐഎൻഎൽഡിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കോൺഗ്രസ് നേതാവ് രൺദീപ് സർജ്ജേവാലയടക്കം 21 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഒടുവിൽ ഐഎൻഎൽഡിയുടെ സിറ്റിംഗ് സീറ്റ് ബിജെപി കൈപ്പിടിയിലാക്കി.

കോൺഗ്രസ് തന്ത്രം പാളി
ജിന്ദ് മണ്ഡലത്തിൽ കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി രൺദീപ് സർജ്ജേവാല വിജയിക്കുമെന്നും സർജ്ജേവാലയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്നുമായിരുന്നു കോൺഗ്രസിന്റെ പദ്ധതി. എന്നാൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു സർജ്ജേവാല. ഇതോടെ കോൺഗ്രസ് തന്ത്രം പാളി, സിറ്റിംഗ് എംപിയായിരുന്ന ഐഎൻഎൽഡി സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശുപോലും നഷ്ടമാവുകയും ചെയ്തു.

പ്രതിപക്ഷം അപ്രസക്തം
ഹരിയാനയിൽ ഗുരുതര പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. പിസിസി അധ്യക്ഷൻ അശോക് തൻവാറും മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും തമ്മിലുള്ള ഭിന്നത അനുദിനം രൂക്ഷമാവുകയാണ്. തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ ഹൂഡ വിഭാഗം അശോക് തൻവാറിന്റെ രാജി ആവശ്യം ശക്തമാക്കിയതോടെ തന്നെ വെടിവെച്ച് കൊന്നേക്കു എന്ന് അലറിക്കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.

എങ്ങനെ നേരിടും
ചൗട്ടാല കുടുംബത്തിലെ പോരിനെ തുടർന്ന് പിളർന്ന ഐഎൻഎൽഡിയും തകർച്ചയുടെ വക്കിലാണ്. സ്വന്തം പാർട്ടിയെ പോലും രക്ഷിക്കാനാകാത്ത നേതാക്കളാണ് പ്രതിപക്ഷത്തുള്ളത്. ഇവർ അങ്ങനെ സംസ്ഥാനം ഭരിക്കുമെന്നാണ് മനോഹർ ലാൽ ഖട്ടാർ ചോദിക്കുന്നത്. ഇരുപാർട്ടികളും നേരിടുന്ന കനത്ത പ്രതിസന്ധി തിരഞ്ഞെടുപ്പിലും ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

ആത്മ വിശ്വാസത്തിൽ ബിജെപി
സംസ്ഥാന ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണെന്നതിന്റെ തെളിവാണ് തുടർച്ചയായി നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്വന്തമാക്കിയ വിജയമെന്നാണ് മനോഹർ ലാൽ ഖട്ടാർ അവകാശപ്പെടുന്നത്. ഫരീദാബാദിലും, ഗുരുഗ്രാമിലും നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിലും, മേയർ തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയം നേടിയിരുന്നു. ജിന്ദ് മണ്ഡലത്തിൽ ആദ്യമായി വിജയം നേടാനും ബിജെപിക്ക് സാധിച്ചു.

സഖ്യമുണ്ടാകുമോ?
അതേ സമയം ബിജെപിയുമായി ഹരിയാനയിൽ സഖ്യം രൂപികരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശിരോമണി അകാലിദൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. എന്നാൽ പഞ്ചാബിൽ ശിരോമണി അകാലിദൾ സഖ്യം ഉപേക്ഷിച്ച് ഹരിയാന മോഡലിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.












Click it and Unblock the Notifications