Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ; ദേശീയ വക്താവിനെ സസ്‌പെന്റ് ചെയ്ത് ബിജെപി; പ്രസ്താവന തള്ളുന്നു

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെയും കുടുംബത്തെയും അപമാനിച്ച് സംസാരിച്ച ദേശീയ വക്താവ് നുപുര്‍ ശര്‍മയ്‌ക്കെതിരെ നടപടിയെടുത്ത് ബിജെപി. നുപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഡല്‍ഹി ഘടകത്തിലെ മാധ്യമ വിഭാഗം മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും ബിജെപി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി നടപടി എടുത്ത പിന്നാലെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നുവെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും നുപുര്‍ ശര്‍മ ട്വീറ്റ് ചെയ്തു. നുപുര്‍ ശര്‍മയുടെ പ്രസ്താവന ദേശീയ തലത്തില്‍ വിവാദമായിരുന്നു. കാണ്‍പൂരില്‍ പ്രതിഷേധവുമായി മുസ്ലിങ്ങള്‍ രംഗത്തിറങ്ങുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഉത്തര്‍ പ്രദേശിലെ കൂടുതല്‍ നഗരങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനമുണ്ട്.

ബറേലിയില്‍ ജില്ലാ ഭരണകൂടം ജൂലൈ 3 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ചില മുസ്ലിം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് നുപുര്‍ ശര്‍മയുടെ പ്രസ്താവന ബിജെപി തള്ളിക്കളഞ്ഞതും അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും.

n

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ടായിരുന്നു ടൈംസ് നൗ ചാനലിലെ ചര്‍ച്ച. നുപുര്‍ ശര്‍മയുടെ പ്രതികരണം വിവാദമായതിനെ തുടര്‍ന്ന് ചാനല്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ മാന്യമായി സംസാരിക്കണമെന്നും അവരുടെ പ്രതികരണങ്ങള്‍ക്ക് ചാനലിന് ഉത്തരവാദിത്തമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ രണ്ടിടത്ത് നുപുര്‍ ശര്‍മക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഹൈദരാബാദ് പോലീസും കേസെടുത്തു. ഇതിന് പിന്നാലെയാണ് കാണ്‍പൂരില്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. ബറേലിയിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ടായതോടെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ റാസ അക്കാദമി നല്‍കിയ പരാതിയിലാണ് പൂനെയിലും മുംബൈയിലും പോലീസ് കേസെടുത്തിരിക്കുന്നത്.

മതനേതാക്കളെ അപമാനിക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപി പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രം എല്ലാ മതങ്ങളെയും സ്വീകരിച്ചുവെന്നതാണ്. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. മതങ്ങള്‍ക്കും മത നേതാക്കള്‍ക്കുമെതിരായ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ബിജെപി പ്രസ്താവനയില്‍ പറയുന്നു. ഏത് മതം വിശ്വസിക്കാനും അതു പ്രകാരം ജീവിക്കാനും ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എല്ലാവരും അന്തസ്സോടെ ജീവിക്കുന്ന ഇന്ത്യ നിര്‍മിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലെ പ്രതികരണമാണ് നുപുര്‍ ശര്‍മയ്ക്ക് വിനയായത്. എന്നാല്‍ പ്രവാചകനെ അവഹേളിച്ച് ട്വീറ്റ് ചെയ്തതാണ് നവീന്‍ കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+