ബംഗാള്‍ തൂത്തുവാരി ബിജെപി; വനിതാ മുഖ്യമന്ത്രി എത്തുമെന്ന് സൂചന, പട്ടികയില്‍ ഇവര്‍
കൊല്‍ക്കത്ത: ഏറെ കാലം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ പശ്ചിമ ബംഗാളില്‍ ബിജെപി ഭരണം പിടിച്ചു. 294 അംഗ നിയമസഭയില്‍ 200ല്‍ അധികം സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ വരവ്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. ആരാകും അടുത്ത മുഖ്യമന്ത്രി, ആരാകും അടുത്ത പ്രതിപക്ഷ നേതാവ്. മമതാ ബാനര്‍ജി പ്രതിപക്ഷ നേതൃപദവി അലങ്കരിക്കില്ലെന്നാണ് സൂചന.
അതേസമയം, മുഖ്യമന്ത്രിയാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ചില നേതാക്കള്‍ ബിജെപിയിലുണ്ട്. വനിതാ മുഖ്യമന്ത്രി എത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ നിര്‍ത്തിയായിരുന്നു ബിജെപിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം. 20ല്‍ അധികം റാലികളിലാണ് മോദി പ്രസംഗിച്ചത്. വര്‍ഗീയതയാണ് മോദി പറയുന്നത് എന്ന തൃണമൂല്‍ ആരോപിച്ചിരുന്നു.

വനിതാ വോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ ബിജെപി പ്രചാരണത്തില്‍ ശ്രദ്ധിച്ചിരുന്നു. സ്ത്രീ സുരക്ഷയായിരുന്നു ബിജെപിയുടെ പ്രധാന വിഷയം. അതുകൊണ്ടുതന്നെ ബിജെപി അടുത്ത മുഖ്യമന്ത്രിയായി വനിതയെ ഉയര്‍ത്തിക്കാട്ടിയേക്കാമെന്ന് വിലയിരുത്തലുണ്ട്. ഡല്‍ഹിയില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രിയാക്കിയ പോലെ ബംഗാളിലും പരീക്ഷണം നടത്തിയേക്കും.
അഗ്നിമിത്ര പോള്‍, രൂപ ഗാംഗുലി എന്നിവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയായേക്കാമെന്ന് സൂചനയുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ, നിതീഷ് പ്രമാണിക്, ദിലിപ് ഘോഷ് എന്നിവരെല്ലാം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവരാണ്. പാര്‍ട്ടിയിലെ ശക്തന്‍ എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ദിലീപ് ഘോഷ്.
ഒരുകാലത്ത് മമതയുടെ വലംകൈ ആയിരുന്നു സുവേന്ദു അധികാരി. പിന്നീട് സംസ്ഥാനത്തെ ബിജെപിയുടെ മുഖമായി മാറി. നാരദ സ്റ്റിങ് ഓപറേഷനില്‍ കൈകൂലി വാങ്ങുന്ന വിവാദത്തില്‍പ്പെട്ടതാണ് ഇദ്ദേഹത്തിന് തിരിച്ചടി നല്‍കുന്ന ഘടകം. ആര്‍എസ്എസിലൂടെ പ്രവര്‍ത്തനം തുടങ്ങി ബിജെപിയുടെ അധ്യക്ഷനായ നേതാവാണ് സമിക് ഭട്ടാചാര്യ. വിവിധ സമുദായങ്ങളുമായി അടുത്ത ബന്ധമുള്ള നേതാവ് കൂടിയാണ്.
ബിജെപിയുടെ പ്രധാന വനിതാ മുഖമായ അഗ്നിമിത്ര പോള്‍ ഫാഷന്‍ ഡിസൈനറാണ്. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷയായിരുന്നു. പിന്നീട് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി. അസന്‍സോള്‍ സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ബിജെപിയുടെ രാജ്യസഭാ എംപിയാണ് രൂപ ഗാംഗുലി.2021ല്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയത് ദിലീപ് ഘോഷിന്റെ നേതൃത്വത്തിലായിരുന്നു. പലപ്പോഴും വിവാദങ്ങളില്‍പ്പെട്ട വ്യക്തി കൂടിയാണ് ഇദ്ദേഹം.















Click it and Unblock the Notifications