നാലിടത്തും ബിജെപി; ആം ആദ്മി കറുത്ത കുതിര
ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. നാല് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ തറപറ്റി. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയ മുന്നേറ്റമാണ് മറ്റൊരു പ്രധാനപ്പെട്ട സംഭവം.
ദില്ലിയിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് തൂത്തെറിയപ്പെട്ടു. കഴിഞ്ഞ തവണ 70 ല്‍ 43 സീറ്റുകള്‍ നേടി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തില്‍ തുടര്‍ന്ന കോണ്‍ഗ്രസിന് ഇത്തവണ രണ്ടക്കം കടക്കാന്‍ പറ്റിയില്ല. 8 ഇടത്ത് മാത്രമാണ് ജയിക്കാനായത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഷീല ദീക്ഷിത്തിനെ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അട്ടിമറിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇപ്പോഴും മുക്തമായിട്ടില്ല.10,308 വോട്ടുകള്‍ക്കാണ് കെജ്രിവാള്‍ ഷീല ദീക്ഷിത്തിനെ തോല്‍പിച്ചത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ദില്ലിയില്‍ മികച്ച പ്രകടമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഏതെങ്കിലും കക്ഷിക്ക് ഒറ്റക്ക് ഭരിക്കാനുളള സാഹചര്യം നിലവില്‍ ഇല്ല. 31 സീറ്റുകള്‍ ബിജെപി നേടി. 28 ഇടത്ത് ആം ആദ്മിയും വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട രാജസ്ഥാന്‍ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് തിരിച്ചു പിടിച്ചിരിക്കുന്നത്. 199 മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍ 162 മണ്ഡലങ്ങളില്‍ ബിജെപിവിജയിച്ചു. 21 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്.
കഴിഞ്ഞ തവണ 96 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് രാജസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്. ബിജെപിക്ക് 78 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കണക്ക് തീര്‍ക്കുന്നത് പോലെയാണ് ഇത്തവണത്തെ ബിജെപിയുടെ പ്രകടനം. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയോളം സീറ്റുകളാണ് അവര്‍ സ്വന്തമാക്കുന്നത്.
മധ്യപ്രദേശില്‍ ബിജെപിയുടെ അപ്രമാദിത്തം ഇത്തവണയും തുടരുകയാണ്. കഴിഞ്ഞ തവണ 230 ല്‍ 143 സീറ്റുകള്‍ നേടിയാണ് അവര്‍ അധികാരത്തില്‍ വന്നത്. 165 സീറ്റുകളാണ് ഇത്തവണ ബിജെപി സ്വന്തമാക്കിയത്. കോണ്‍ഗ്രസ് വെറും 58 സീറ്റില്‍ ഒതുങ്ങി. ബിഎസ്പിക്ക് നാല് സീറ്റ് നേടാനായി.
ഛത്തീസ്ഗഢില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പമെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാന്‍ ആയിട്ടുള്ളത്.കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഒരു സീറ്റ് അധികം നേടാനായിട്ടുണ്ട്. പണ്ടേ വിജയം ബിജെപിക്കൊപ്പം തന്നെ ആയിരുന്നു. ബിജെപി49 സീറ്റുകളിലും കോണ്‍ഗ്രസ് 39 സീറ്റുകളിലും വിജയിച്ചു.
ആകെയുള്ള 90 സീറ്റുകളില്‍ കഴിഞ്ഞ തവണ ബിജെപി 49 സീറ്റും കോണ്‍ഗ്രസ് 38 ഉം സീറ്റും ആണ് നേടിയിരുന്നത്.












Click it and Unblock the Notifications