ബംഗാളിൽ ബിജെപി തേരോട്ടം മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിൽ, നന്ദിഗ്രാമിൽ ലക്ഷം ഭൂരിപക്ഷം, നാണംകെട്ട് പ്രതിപക്ഷം
പല കാരണങ്ങള്‍ കൊണ്ടും പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകമായിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ ശേഷം ബിജെപി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്. മാത്രമല്ല രാജ്യമൊട്ടാകെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ എസ്‌ഐആറുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടി ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമായിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, റെജിനഗര്‍ എന്നീ മണ്ഡലങ്ങളില്‍ ആശ്വാസ വിജയമല്ല, കൂറ്റന്‍ വിജയമാണ് ബിജെപിക്കുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നന്ദിഗ്രാമില്‍ ബിജെപിക്കുണ്ടായിരിക്കുന്നത് 1.2 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് എന്ന പ്രത്യേകയുണ്ട്. റെജിനഗര്‍ ആകട്ടെ 70 ശതമാനം ന്യൂനപക്ഷ വോട്ടുകള്‍ ഉളള മണ്ഡലമാണ്. ഇവിടെയും ചെറിയ വിജയമല്ല, ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 75,000ത്തിന് മുകളിലാണ്.
നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ചന്ദ്രനാഥ് രഥിന്റെ അമ്മയായ ഹസി റാണി രഥിനെയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത അനുയായി ആയിരുന്ന ചന്ദ്രനാഥ് രഥ് മെയ് 6ന് നോര്‍ത്ത് 24 പര്‍ഗാനയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നന്ദിഗ്രാം നേരത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ മണ്ഡലമായിരുന്നു. നന്ദിഗ്രാമിലും ഭബാനിപ്പൂരിലും മത്സരിച്ച സുവേന്ദു അധികാരി രണ്ടിടത്തും ജയിച്ചതോടെ നന്ദിഗ്രാമില്‍ നിന്ന് ഒഴിയുകയായിരുന്നു.

ഹണി റാണി രഥിന് 164227 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന് നേടാന്‍ സാധിച്ചത് 41674 വോട്ടുകള്‍ മാത്രമാണ്. 27 ശതമാനം ന്യൂനപക്ഷ വോട്ടുകളുളള മണ്ഡലമാണ് നന്ദിഗ്രാം. 70 ശതമാനം ന്യൂനപക്ഷ വോട്ടുകളുളള രജിനഗറിലെ വിജയം വ്യക്തമാക്കുന്നത് ന്യൂനപക്ഷവും ബിജെപിക്ക് ഒപ്പമാണ് എന്നാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റെജിനഗറിലെ 60 ശതമാനം മുസ്ലീം വോട്ടുകളും നന്ദിഗ്രാമിലെ 80 ശതമാനം മുസ്ലീം വോട്ടുകളും ബിജെപിക്ക് ലഭിച്ചുവെന്നും സുവേന്ദു അധികാരി പറയുന്നു.
15 വര്‍ഷക്കാലം പശ്ചിമ ബംഗാള്‍ ഭരിച്ച മമത ബാനര്‍ജി ചിത്രത്തിലേ ഇല്ലാത്ത മട്ടിലാണ് രണ്ട് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും. അധികാരത്തിലേറി മാസങ്ങള്‍ക്കുളളില്‍ നടന്ന തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയം സംസ്ഥാനത്ത് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുമ്പോള്‍ മറുവശത്ത് തൃണമൂലിനും കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും മുന്നില്‍ നിരവധി ചോദ്യചിഹ്നങ്ങളാണ് ഉളളത്.
തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്നത് കാരണം ഉപതിരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിയുടെ മമത ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസും റിതബ്രത ബാനര്‍ജിയുടെ ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസും രണ്ടായിട്ടാണ് മത്സരിച്ചത്. നന്ദിഗ്രാമില്‍ മമതയുടെ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചിരുന്ന സഞ്ചിത പ്രധാന്‍ ദേ അവസാന നിമിഷം നോമിനേഷന്‍ പിന്‍വലിച്ചത് മമത വിഭാഗത്തിന് വന്‍ തിരിച്ചടിയായി.
സുവേന്ദു അധികാരിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു സഞ്ചിത പ്രധാന്റെ നീക്കം. ഇതോടെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായ മമതയ്ക്ക് കോണ്‍ഗ്രസിന്റെ മിലന്‍ പ്രധാനെ പിന്തുണയ്‌ക്കേണ്ടതായി വന്നു. മിലന്‍ പ്രധാനെ കൊലക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് അടക്കമുളള സംഭവങ്ങള്‍ വലിയ വിവാദമായിരുന്നു.
ബംഗാളിൽ ബാബറി മസ്ജിദിന്റെ മാതൃക നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ ആം ജനത ഉന്നയൻ പാർട്ടി തലവനും തൃണമൂൽ വിമതനുമായ ഹുമയൂൺ കബീർ, നോഡ സീറ്റിലും ജയിച്ചതിനെത്തുടർന്ന് റെജി നഗറിലെ സീറ്റ് രാജിവെച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകൻ ഗുലാം നബി ആസാദ് സ്ഥാനാർത്ഥിയായി മത്സരിച്ച് 54098 വോട്ടുകൾ നേടി. 129914 വോട്ടുകൾ നേടിയ ബിജെപി സ്ഥാനാർത്ഥി ശങ്കരവ് സർക്കാർ ആണ് റെജി നഗറിൽ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തെത്തി. തൃണമൂൽ കോൺഗ്രസ്, സിപിഎം, ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ എത്തിയത്.


Click it and Unblock the Notifications
